| Saturday, 9th December 2023, 6:54 pm

ഗസയിലെ കുട്ടികളുടെ രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം യു.എസിന്; യു.എസ് വീറ്റോക്കെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ അടിയന്തര വെടിനിർത്തലിനുള്ള യു.എൻ പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച യു.എസ് നടപടിയെ വിമർശിച്ച് ലോക നേതാക്കൾ.

യു.എന്നിൽ വീറ്റോ പ്രയോഗിച്ചതിലൂടെ ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധകുറ്റങ്ങളിൽ യു.എസും പങ്കാളികളായെന്ന് ഫലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്മൂദ് അബ്ബാസ് പറഞ്ഞു.

‘അമേരിക്കയുടെ നിലപാട് നീചവും അധാർമികവുമാണ്. മുഴുവൻ മാനുഷിക മൂല്യങ്ങളെയും നിരാകരിക്കുന്ന നടപടിയാണ് ഇത്. ഗസ മുനമ്പിൽ ഫലസ്തീനി കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം യു.എസിനാണ്,’ മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഗസയിലെ മരണസംഖ്യ കുത്തനെ വർധിക്കുമ്പോൾ സിവിലിയന്മാരുടെ യാതനകളെ അവഗണിക്കുന്നതാണ് യു.എസ് വീറ്റോയെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് പറഞ്ഞു.

ലോക സമാധാനവും സുരക്ഷയും നിലനിർത്താനുള്ള യു.എന്നിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണ് യു.എസിന്റെ നടപടിയെന്നും കാലമാർഡ് എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറഞ്ഞു.

ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിനായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമത്തിലെ ആർട്ടിക്കിൾ 99 എന്ന പ്രത്യേക വകുപ്പ് പ്രകാരമാണ് യോഗം വിളിച്ചു ചേർത്തത്. ഐക്യരാഷ്ട്ര സമിതിയുടെയും സെക്രട്ടറി ജനറലിന്റെയും തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യു.എന്നിലെ അമേരിക്കൻ അംബാസിഡർ റോബേർഡ് വുഡ് പറഞ്ഞിരുന്നു.

വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് ബ്രിട്ടൻ വിട്ടുനിന്നു. ഫ്രാൻസും റഷ്യയും ഉൾപ്പെടെ 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തിരുന്നു.

Content Highlight: US veto makes it responsible for ‘bloodshed’ of Gaza’s children; World reacts to US veto on Gaza truce resolution at UN

We use cookies to give you the best possible experience. Learn more