യുദ്ധക്കുറ്റങ്ങൾ മറയ്ക്കാൻ ദേശീയ സുരക്ഷയെ യു.എസ് ഒരു മറയായി ഉപയോഗിച്ചു; അസാൻജ് ലോകത്തിന് മുന്നിൽ തെളിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ: അഭിഭാഷകൻ
Trending
യുദ്ധക്കുറ്റങ്ങൾ മറയ്ക്കാൻ ദേശീയ സുരക്ഷയെ യു.എസ് ഒരു മറയായി ഉപയോഗിച്ചു; അസാൻജ് ലോകത്തിന് മുന്നിൽ തെളിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ: അഭിഭാഷകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 3:51 pm

വാഷിങ്ടൺ: തങ്ങൾ ചെയ്ത യുദ്ധക്കുറ്റങ്ങൾ മറക്കാൻ യു.എസ് ദേശീയ സുരക്ഷയെ ഒരു മറയായി ഉപയോഗിക്കുന്നെന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ എയ്‌റ്റർ മാർട്ടിസ്.

‘തങ്ങൾ ചെയ്ത യുദ്ധക്കുറ്റങ്ങൾ മറക്കാൻ യു.എസ് ദേശീയ സുരക്ഷയെ ഒരു മറയായി ഉപയോഗിക്കുന്നുവെന്ന് ജൂലിയൻ അസാൻജ് വ്യക്തമായി തെളിയിച്ചിട്ടുണ്ട്,’ മാർട്ടിസ് പറഞ്ഞു.

അസാൻജിനെതിരെ വർഷങ്ങളോളം നിലനിന്ന കേസുകൾ വലിയൊരു ഭീകരാവസ്ഥയാണ് ലോകത്ത് സൃഷ്ടിച്ചത്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഇത് വർധിപ്പിച്ചു. ലോകത്തുള്ള പത്ര മാധ്യമങ്ങൾക്ക് നേരെയുള്ള ഭീഷിണിയാണ് ഈ കേസ് മാർട്ടിസ് കൂട്ടിച്ചേർത്തു.

അതേ സമയം അസാൻജിനെതിരെ ഉണ്ടായിരുന്ന കേസ് യു.എസിന് വലിയൊരു തവേദനയായിരുന്നെന്നും അസാൻജിനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് അസാൻജിന്റെ കേസ് പരമാവധി നീട്ടി കൊണ്ടുപോയിരുന്നു. എന്നാൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അസാൻജിനായി ശബ്ദമുയർന്നിരുന്നുവെന്നും മാർട്ടിസ് പറഞ്ഞു.

വർഷങ്ങളോളം നീണ്ടുനിന്ന ഈ കേസിൽ പെട്ടന്നൊരു തീരുമാനം ഉണ്ടാകാൻ കാരണമായത് യു.എസ് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ്. യു.എസിലും അസാൻജിന് വേണ്ടി ശബ്ദമുയർന്നിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ കൂട്ടിച്ചേർത്തു. അസാൻജിന്റെ അറസ്റ്റ് യു.എസിന്റെ പല രഹസ്യ വിവരങ്ങളും പുറത്ത് വിട്ടതിന്റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

2019 മുതൽ അദ്ദേഹം ലണ്ടനിലെ ബെൽമാർഷ്‌ ജയിലിലായിരുന്നു. യു.എസ് സർക്കാരിന്റെ ആയിരക്കണക്കിന് രഹസ്യ രേഖകൾ ചോർത്തി തന്റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാൻജിനെതിരെയുള്ള കേസ്. ഈ നടപടി ആഭ്യന്തര സുരക്ഷക്ക് ഭീഷണിയുണ്ടാക്കിയെന്നാണ് അമേരിക്കയുടെ ആരോപണം. നയതന്ത്ര രഹസ്യങ്ങൾ ഉൾപ്പെടുന്ന 70000ത്തോളം രേഖകൾ അദ്ദേഹം പുറത്തു വിട്ടിരുന്നു.

അമേരിക്ക പലരാജ്യങ്ങളിലും തങ്ങളുടെ എംബസികൾ വഴി ചാരപ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളിലെ നേതാക്കളെക്കുറിച്ച് തരംതാണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തിയതുമായ വിവരങ്ങൾ അസാൻജ് വഴി പുറത്ത് വന്നിരുന്നു.

ഇതെല്ലാം അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയുൾപ്പടെ നിരവധി രാജ്യങ്ങളിലെ നേതാക്കളുടെ പരാമർശങ്ങളും വിക്കിലീക്സ് വെബ്‌സൈറ്റിൽ വന്നിരുന്നു.

 

 

Content Highlight: US uses national security ‘as a veil to hide war crimes’ – Assange’s lawyer