| Wednesday, 16th March 2022, 1:00 pm

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ നീരസം പ്രകടിപ്പിച്ച് യു.എസ്: 'ചരിത്രം എഴുതപ്പെടുമ്പോള്‍ ആരുടെ ഭാഗത്ത് നില്‍ക്കണമെന്ന് ചിന്തിക്കൂ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈന്‍- റഷ്യ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകളിന്മേല്‍ പ്രതികരിച്ച് യു.എസ്.

യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പ്രസ് സെക്രട്ടറിയാണ് വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

വില ഇളവില്‍ എണ്ണ നല്‍കാമെന്ന റഷ്യയുടെ ഓഫര്‍ ഇന്ത്യ സ്വീകരിച്ചേക്കാമെന്നും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കും റഷ്യയുടെ ഇത്തരം ഓഫറുകള്‍ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും എന്ത് സന്ദേശമാണ് യു.എസിന് നല്‍കാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മറുപടി പറഞ്ഞത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങണമെന്ന് ഇന്ത്യ ആലോചിക്കുന്നുണ്ടെങ്കില്‍ അത് പുനപരിശോധിക്കണം എന്ന രീതിയിലായിരുന്നു യു.എസ് പ്രതിനിധിയുടെ മറുപടി.

”ഞങ്ങള്‍ (യു.എസും യൂറോപ്യന്‍- നാറ്റോ അംഗരാജ്യങ്ങളും) റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏതൊരു രാജ്യത്തിനും നല്‍കാനുള്ള സന്ദേശം.

ഇന്ത്യയുടെ ഈ നീക്കം ഉപരോധങ്ങളുടെ ലംഘനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

എന്നാല്‍, ഈ നിമിഷത്തില്‍, ചരിത്രപുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം.

റഷ്യന്‍ നേതൃത്വത്തിന് പിന്തുണ നല്‍കുക എന്നത്, അധിനിവേശത്തിന് പിന്തുണ നല്‍കുന്നതിന് തുല്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണിത്,” ഇന്ത്യക്കുള്ള സന്ദേശമെന്നോണം ജെന്‍ സാകി പറഞ്ഞു.

ഡിസ്‌കൗണ്ടോടു കൂടി ക്രൂഡ് ഓയില്‍ നല്‍കാമെന്ന റഷ്യയുടെ ഓഫര്‍ സ്വീകരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ, എന്ന തരത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണം വന്നതായാണ് റഷ്യന്‍ മാധ്യമമായ ആര്‍.ടി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയുടെ ഓഫര്‍ പരിഗണിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്.


Content Highlight: US urges India to think twice before buying discounted oil from Russia

We use cookies to give you the best possible experience. Learn more