വാഷിങ്ടൺ: മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക അറിയിച്ച് യു.എസും ഐക്യരാഷ്ട്ര സഭയും.
അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യു.എൻ അറിയിച്ചു.
‘2019ൽ പറഞ്ഞത് പോലെ, ഇന്ത്യയുടെ സി.എ.എ നിയമം അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് എന്ന വസ്തുതയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യ നടത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്,’ യു.എന്നിലെ മനുഷ്യാവകാശ ഹൈ കമ്മീഷണർ റോയിട്ടേഴ്സിനോട് പറഞ്ഞു.
എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകേണ്ടത് ജനാധിപത്യത്തിലെ അടിസ്ഥാന നയമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി.
‘മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങൾക്കും നിയമത്തിന് കീഴിൽ തുല്യ പരിഗണനയും ജനാധിപത്യത്തിലെ അടിസ്ഥാന നയങ്ങളാണ്,’ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളും സി.എ.എ നിയമത്തെ വിമർശിച്ചു രംഗത്ത് വന്നു. മുസ്‌ലിങ്ങളോടുള്ള വിവേചനമാണ് നിയമമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമം ഈ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷമായ ശിയ മുസ്‌ലിങ്ങളെ ഒഴിവാക്കുന്നു എന്നാണ് വിമർശനം.
രോഹിങ്ക്യൻ മുസ്‌ലിങ്ങൾ ന്യൂനപക്ഷമായിട്ടുള്ള മ്യാന്മർ പോലുള്ള അയൽ രാജ്യങ്ങളെയും നിയമം ഒഴിവാക്കി എന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും ഇന്ത്യയിലെ 200 മില്യൺ മുസ്‌ലിങ്ങളോടുള്ള വിവേചനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Content Highlight: US, UN express concern about India’s religion-based citizenship law