ഹൂത്തികള്‍ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യു.എസും, യു.കെയും; ദിവസത്തില്‍ നാല് ഹൂത്തികളുടെയെങ്കിലും ആസ്തി മരവിപ്പിക്കാന്‍ തീരുമാനം
World News
ഹൂത്തികള്‍ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യു.എസും, യു.കെയും; ദിവസത്തില്‍ നാല് ഹൂത്തികളുടെയെങ്കിലും ആസ്തി മരവിപ്പിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 9:58 pm

ന്യൂയോര്‍ക്ക്: യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും. ദിവസത്തില്‍ കുറഞ്ഞത് നാല് മുതിര്‍ന്ന ഹൂത്തി നേതാക്കളുടെയെങ്കിലും ആസ്തി മരവിപ്പിച്ചും യാത്ര നിരോധനത്തിന് വിധേയമാക്കിയും ഹൂത്തികളെ നിയന്ത്രിക്കാനാണ് ഇരുരാജ്യങ്ങളും നിലവില്‍ ശ്രമിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യെമന്‍ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവുകളും വിവരങ്ങളും ഉടനെ കൈമാറുമെന്ന് യു.എസിന്റെയും യു.കെയുടെയും അധികാര വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹൂത്തി പ്രതിരോധ മന്ത്രി മുഹമ്മദ് നാസര്‍ അല്‍ ആത്തിഫി, ഹൂത്തി നാവിക സേനാ കമാന്‍ഡര്‍ മുഹമ്മദ് ഫദല്‍ അബ്ദുല്‍ നബി, തീരദേശ പ്രതിരോധ സേനാ മേധാവി മുഹമ്മദ് അലി അല്‍ ഖാദിരി, സംഭരണ ഡയറക്ടര്‍ മുഹമ്മദ് അഹ്‌മദ് അല്‍ താലിബി എന്നിവരെ ഉപരോധിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കടലില്‍ വ്യാപാര കപ്പലുകള്‍ക്കും സിവിലിയന്‍ ജീവനക്കാര്‍ക്കും നേരെയുള്ള ഹൂത്തികളുടെ നിരന്തരമായ ഭീകരാക്രമണങ്ങള്‍ ആഗോള സുരക്ഷയ്ക്കും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കുന്നുവെന്ന് യു.എസ് ട്രഷറി മേധാവിയായ ബ്രയാന്‍ നെല്‍സണ്‍ പറഞ്ഞു.

അതേസമയം അമേരിക്കയിലെയും ബ്രിട്ടനിലെയും പൗരന്മാരായ യു.എന്‍ ജീവനക്കാര്‍ ഒരു മാസത്തിനകം യെമന്‍ വിടണമെന്ന് അന്‍സാറുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലും യെമന്റെ തലസ്ഥാന നഗരമായ സനയിലെ മാനുഷിക സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കാണ് അന്‍സാറുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെങ്കടലിലെ ഹൂത്തി വിമതരുടെ ആക്രമണത്തിന് മറുപടിയായി യു.എസും യു.കെയും രാജ്യത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് അന്‍സാറുള്ളയുടെ ഉത്തരവ്.

എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ഇരുരാജ്യങ്ങള്‍ക്കും വ്യക്തതയുണ്ടെങ്കിലും അറിയിപ്പുകള്‍ നിഷേധിക്കുകയായിരുന്നു.

Content Highlight: US, UK to impose more sanctions on Houthis