| Friday, 12th January 2024, 1:59 pm

യെമനിൽ നടത്തിയ ആക്രമണത്തിൽ യു.എസും യു.കെയും വലിയ വിലകൊടുക്കേണ്ടിവരും: അൻസാറുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: കഴിഞ്ഞദിവസം ഉണ്ടായ യു.എസ്, യു.കെ സംയുക്തമായി നടത്തിയ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് യെമനി അൻസാറുള്ള ഗ്രൂപ്പ്. ഇനിയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേഖലയിലുള്ള യു.എസ് യു.കെ മിലിറ്ററി ബേസുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അവർ അറിയിച്ചു.

ഇസ്രഈലിലേക്ക് പോകുന്ന ചരക്ക് കപ്പലുകളെ ഹൂത്തികൾ തടയുകയാണ്. ഇതിന് പ്രത്യാക്രമണമായാണ് യു.എസും യു.കെയും യെമനെ ആക്രമിച്ചത്.

‘ആക്രമണത്തിന്റെ ഉത്തരവാദിത്തം വാഷിങ്ടണിനും ലണ്ടണിനുമാണ്. അവരിതിന് കനത്ത വില നൽകേണ്ടിവരും’ അൻസാറുള്ള മോറൽ ഗൈഡൻസ് ഡിപ്പാർട്ട്മെൻറ് ഉപ മേധാവി ബ്രികേഡിയർ ജനറൽ അബ്ദുള്ള ബിൻ അമെർ പറഞ്ഞു.

യെമനിലെ നിരവധി നഗരങ്ങളിൽ കഴിഞ്ഞദിവസം സ്ഫോടനം ഉണ്ടായിട്ടുണ്ട്. തങ്ങൾ ഇതിനെല്ലാം കൃത്യമായി മറുപടി നൽകുമെന്ന് പറഞ്ഞ അബ്ദുള്ള അമെർ, ഗസയിലെ യുദ്ധം അവസാനിക്കുന്ന വരെ ചെങ്കടലിലെ തങ്ങളുടെ ഓപ്പറേഷൻസ് തുടരുമെന്നും അറിയിച്ചു.

കൂടാതെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം യു.എസും ബ്രിട്ടനും ഓസ്ട്രേലിയ, ബഹറൈൻ, കാനഡ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കൂടി നടത്തിയതാണെന്ന് യു.എസ് പ്രസിഡന്റ് ജോബൈഡൻ പറഞ്ഞു. കൂടാതെ യെമന് നേരെയുള്ള ആക്രമണങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രഈൽ ഗസ യുദ്ധത്തെ തുടർന്ന് ഫലസ്തീന് പൂർണ്ണ പിന്തുണ നൽകുന്നതായി യെമൻ അറിയിച്ചിരുന്നു. ഇറാന്റെ പിന്തുണ കൂടിയാണ് ഹൂത്തികൾ ചെങ്കടലിൽ ചരക്ക് കപ്പലുകൾ തടയുന്നത്.

അതിനിടെ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇന്നും വിചാരണ നടക്കും.

Content Highlights: US, UK must be ready for ‘heavy price’ after attacks on Yemen: Ansarullah

Latest Stories

We use cookies to give you the best possible experience. Learn more