| Friday, 3rd July 2020, 1:03 pm

വിലക്കുകളില്‍ പരസ്പരം താങ്ങായി ഇറാനും വെനിസ്വേലയും, തടയാന്‍ അമേരിക്ക; പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് നാല് ഇറാനിയന്‍ കപ്പലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍: ഇറാനില്‍ നിന്നും വെനിസ്വേലയിലേക്ക് പെട്രോള്‍ ഇറക്കുമതി ചെയ്യാനിരിക്കുന്ന നാലു ഇറാനിയന്‍ കപ്പലുകളെ പിടിച്ചെടുക്കാന്‍ നീക്കം നടത്തി അമേരിക്ക. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തുന്നത് തടയാനാണ് യു.എസ് നീക്കം. യു.എസിലെ കൊളംബിയ ഫെഡറല്‍ കോടതിയില്‍ ആണ് സിവില്‍ എന്‍ഫോഴ്‌സമെന്റ് പരാതി നല്‍കിയത്.

യു.എസ് തീവ്രവാദി സേനയായി കണക്കാക്കുന്ന ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള മഹ്മുദ് മദനിപുര്‍ എന്ന വ്യവസായിയാണ് വില്‍പ്പനയ്ക്ക് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്.

വെനിസ്വേലയുമായുള്ള വ്യാപാരത്തിലൂടെ കിട്ടുന്ന പണം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിലെത്തുന്നു എന്നാണ് യു.എസ് ആരോപിക്കുന്നത്.
അമേരിക്കയുടെ വിലക്കുകള്‍ നിരന്തരം നേരിടുന്ന ഇറാനും വെനിസവേലയും വര്‍ഷങ്ങളായി അടുത്ത നയതന്ത്ര ബന്ധമാണ് പുലര്‍ത്തുന്നത്.

അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ മാസം വെനിസ്വേലയിലേക്ക് അഞ്ച് ഓയില്‍ ടാങ്കറുകളാണ് ഇറാന്‍ അയച്ചത്. വെനിസ്വേലയന്‍ സൈനിക സേനയാണ് ഈ ടാങ്കറുകള്‍ക്ക്  സുരക്ഷ അകമ്പടി നല്‍കിയത്.

സോഷ്യലിസ്റ്റ് നേതാവ് ഹ്യുഗൊ ഷാവേസിന്റെ ഭരണകാലത്ത് അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ 2000 ത്തിലാണ് ഇറാനുമായി വെനിസ്വേല അടുക്കുന്നത്.

ഇദ്ദേഹത്തിനു ശേഷം മഡുറോ അധികാരത്തിലെത്തിയപ്പോഴും വെനിസ്വേല ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തി. വെനിസ്വേലയിലേക്കുള്ള കപ്പലു കയറ്റമതിക്ക് തടസ്സം സൃഷ്ടിച്ചാല്‍ അമേരിക്കന്‍ സൈന്യത്തിന് അപകടമുണ്ടാവുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more