| Wednesday, 12th September 2018, 10:37 am

'വീണ്ടും നാണക്കേട്'; ഇന്ത്യയില്‍ വെച്ച് ലൈംഗിക അതിക്രമത്തിനിരയായതായി പ്രശസ്ത അമേരിക്കന്‍ ട്രാവല്‍ ബ്ലോഗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ നേരിടേണ്ടി വന്ന ലൈംഗികാതിക്രമ ശ്രമം തുറന്നുപറഞ്ഞ് അമേരിക്കന്‍ ട്രാവലര്‍ ബ്ലോഗര്‍. ഇന്ത്യാസന്ദര്‍ശന വേളയില്‍ ഹോട്ടല്‍മുറിയില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെടുമായിരുന്നെന്ന് യുവതി പറയുന്നു.

രണ്ട് ദിവസത്തോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഹോട്ടല്‍ ജീവനക്കാരെ പേടിച്ച് മുറിക്കകത്ത് ഇരിക്കേണ്ടി വന്നെന്നും ജോര്‍ദര്‍ ടെയ്‌ലര്‍ എന്ന യുവതി വെളിപ്പെടുത്തുന്നു.

ഹോട്ടല്‍മുറിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. വാതില്‍ അകത്ത് നിന്ന് അടച്ചപ്പോള്‍ തള്ളിത്തുറന്ന് മുറിയില്‍ കടക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നെന്നും ജോര്‍ദന്‍ പറയുന്നു.

ഞാനും ബോയ്ഫ്രണ്ടായ ലിവിയോയും ഒന്നിച്ചായിരുന്നു ഇന്ത്യയിലെത്തിയത്. എന്നാല്‍ അദ്ദേഹം തിരിച്ചുപോയതിന് പിന്നാലെയായിരുന്നു സംഭവം. ഒയോയിലൂടെ ബുക്ക് ചെയ്ത ഹോട്ടലിലായിരുന്നു ഇത് സംഭവിച്ചത്. എന്റെ ആണ്‍സുഹൃത്ത് കൂടെയില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് അവര്‍ ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നത്.

പുലര്‍ച്ചെ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് വന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ക്ക് തന്നോടുള്ള സമീപനം മാറുകയായിരുന്നു. ഒരു പുരുഷന്റെ സംരക്ഷണയില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ നമുക്ക് തരുന്ന ബഹുമാനവും കരുതലും അവര്‍ ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടായിരിക്കില്ലെന്നതാണ് എന്റെ അനുഭവം തെളിയിച്ചത്.

അദ്ദേഹം പോയിക്കഴിഞ്ഞതിന് പിന്നാലെ എന്റെ നേര്‍ക്കുള്ള അവരുടെ നോട്ടവും ഭാവവും മാറി. ഞാന്‍ മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു ഹോട്ടല്‍ജീവനക്കാരന്‍ എന്റെ പിറകെ സ്റ്റെയര്‍കേസ് വരെ വന്നു. മുറിയില്‍ ഫോണുണ്ടായിരുന്നു. പക്ഷേ ആ ഫോണില്‍ നിന്നും പുറത്തേക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസിലായി.

മുറിയിലേക്ക് ചിലര്‍ ഫോണില്‍ വിളിച്ച് ഹേ. ബേബി എന്നെല്ലാം പറയാന്‍ തുടങ്ങി. ഞാന്‍ ആകെ ഭയന്നുപോയി. വീണ്ടും അവര്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ എടുത്തു. ലൈംഗികചുവയോടെയുള്ള ചില മുറമുറുപ്പുകളും ശ്വാസമെടുക്കലുകളും മറുതലയ്ക്കല്‍ കേട്ടു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.

എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന തോന്നലായിരുന്നു. അങ്ങനെയിരിക്കെയാണ് വാതിലില്‍ വന്ന് ഒരാള്‍ മുട്ടിയത്. വാതില്‍ തുറക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ വാതില്‍ തുറന്നില്ല. അല്പനേരം കഴിഞ്ഞ് വീണ്ടും വാതില്‍ മുട്ടി. അപ്പോഴേക്കും മുറിയിലെ എ.സി അവര്‍ പുറത്ത് നിന്ന് ഓഫ് ചെയ്ത് കളഞ്ഞിരുന്നു.

മെയിന്‍ സ്യുച്ച് ഓഫ് ചെയ്തതാണെന്ന് എനിക്ക് മനസിലായി. പിന്നീട് വാതിലില്‍ മുട്ടി അവര്‍ പറഞ്ഞത് എസി തകരാറിലായതെന്നും അത് ശരിയാക്കണമെന്നുമാണ്. വേണ്ട എന്ന് മാത്രം ഞാന്‍ പറഞ്ഞു. ഇതേ കാര്യം അവര്‍ ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടു. അവര്‍ എസി പുറത്ത് നിന്ന് ഓഫ് ചെയ്തതാണ്. എന്നിട്ട് കള്ളം പറയുകയായിരുന്നു.

വാതിലിന്റെ ഇടയിലൂടെ നോക്കിയപ്പോള്‍ കുറേ ആളുകള്‍ എന്റെ വാതിലിന് പുറത്ത് നില്‍ക്കുന്നത് കണ്ടു. വൈഫൈ നന്നാക്കണമെന്നും വാതില്‍ തുറക്കണമെന്നും അവര്‍ വീണ്ടും ആവശ്യപ്പെടുന്നുണ്ടായിരുന്നു. മുറിയ്ക്കകത്ത് കടക്കാനായി അവര്‍ പല കള്ളങ്ങളും പറഞ്ഞു. അരുതാത്തതെന്തോ ഉടന്‍ സംഭവിക്കുമെന്ന് ഞാന്‍ ഭയന്നു. അങ്ങനെ രണ്ട് ദിവസം മുന്നോട്ട് പോയി. വാതിലിന് അടിയിലൂടെ പുറത്ത് ആളുകള്‍ നില്‍ക്കുന്നതിന്റെ നിഴല്‍ കാണാം. കുറച്ച് സമയം കഴിയുമ്പോള്‍ അവര്‍ പോകും. വീണ്ടും വരും. കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ഇല്ല. ഞാന്‍ അവിടെ ബന്ധിയാക്കപ്പെട്ടെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കുകയായിരുന്നു.

പിറ്റേദിവസം പുലര്‍ച്ചെ വാതിലിന് പുറത്ത് ആരും ഇല്ല എന്ന് തോന്നിയ നിമിഷം അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. 3 മണിക്ക് എയര്‍പോര്‍ട്ടിലെത്തി.

അവിടെയെത്തിയിട്ടും ഞാന്‍ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആ വാതില്‍ തകര്‍ത്ത് അകത്ത് കയറിയിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഉറക്കെ കരയാനായിരുന്നു തോന്നിയത്. എത്രയും പെട്ടെന്ന് വിമാനത്തില്‍കയറി പോവാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ആക്രമിക്കപ്പെടുമെന്ന തോന്നലായിരുന്നു. ഇതിന് മുന്‍പും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അന്നെല്ലാം നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. – ജോര്‍ദന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more