വാഷിങ്ടണ്‍: ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈലിന് 8.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ കൈമാറാനൊരുങ്ങിയ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം വോട്ടെടുപ്പിലൂടെ തടയുമെന്ന് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. അടിയന്തര ആവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ കൈമാറാനുള്ള യു.എസിലെ നിയമപ്രകാരം സെനറ്റില്‍ വോട്ടെടുപ്പ് നടത്താതെ ഇസ്രഈലിന് ആയുധം കൈമാറാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ഗസയ്ക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ മാനുഷിക പ്രതിസന്ധി വര്‍ധിച്ചുവരുകയാണെന്നും അതിനാലാണ് ഇസ്രഈലിനുള്ള ആയുധ വില്‍പ്പന തടയുന്ന പ്രമേയങ്ങളില്‍ വോട്ടെടുപ്പ് നിര്‍ബന്ധമാക്കുന്നതെന്നും സ്വതന്ത്ര യു.എസ് സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സ് പറഞ്ഞു.
ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് ഈ വിഷയത്തില്‍ സാന്‍ഡേഴ്‌സ് മുന്നോട്ട് പോകുന്നത്. ആയുധ വില്‍പ്പന നടത്തുന്നതില്‍ വിയോജിപ്പ് അറിയിച്ച് അദ്ദേഹം അവതരിപ്പിച്ച രണ്ട് സംയുക്ത പ്രമേയങ്ങള്‍ വോട്ടെടുപ്പ് നിര്‍ബന്ധമാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
ഏകദേശം 2,000 പൗണ്ട് ഭാരമുള്ള 35,000 കൂറ്റന്‍ ബോംബുകളും മറ്റ് യുദ്ധോപകരണങ്ങളുമാണ് നിലവിലെ ആയുധ വില്‍പനയിലൂടെ അമേരിക്ക ഇസ്രഈലിന് കൈമാറുക.
‘ഇസ്രഈല്‍ അധികൃതര്‍ പൂര്‍ണമായ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം മൂന്നര ആഴ്ചയില്‍ അധികമായി ഒരു മാനുഷിക സഹായവും ഗസയില്‍ പ്രവേശിച്ചിട്ടില്ല. മാര്‍ച്ച് തുടക്കം മുതല്‍ ഭക്ഷണമോ വെള്ളമോ മരുന്നോ ഇന്ധനമോ ഒന്നും തന്നെയില്ല. മാനുഷിക സഹായം തടയുന്നത് ധാര്‍മികതയെ ലജ്ജിപ്പിക്കുന്നതും ജനീവ കണ്‍വെന്‍ഷന്റെയും വിദേശ സഹായ നിയമത്തിന്റെയും വ്യക്തമായ ലംഘനവുമാണ്,’ സാന്‍ഡേഴ്‌സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഗസയ്ക്കെതിരായ ഇസ്രഈലിന്റെ യുദ്ധം ഏതാണ്ട് പൂര്‍ണമായും അമേരിക്കന്‍ ആയുധങ്ങളും യു.എസ് നികുതിദായകരുടെ പണവും ഉപയോഗിച്ചാണെന്നും സാന്‍ഡേഴ്സ് കുറ്റപ്പെടുത്തി.
‘നെതന്യാഹു സര്‍ക്കാരിന് അനന്തമായ അളവില്‍ സൈനിക സഹായവും ആയുധങ്ങളും നല്‍കുന്നത് യു.എസ് തുടരരുത്. ഗസയില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ ബലമായി കുടിയിറക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപും ഇസ്രഈല്‍ ഉദ്യോഗസ്ഥരും പരസ്യമായാണ് സംസാരിക്കുന്നത്. ഇത് ന്യായീകരിക്കാനാവില്ല. ഇത് വംശീയ ഉന്മൂലനമാണ്, അതൊരു യുദ്ധ കുറ്റകൃത്യമാണ്,’ സാന്‍ഡേഴ്‌സ് പറഞ്ഞു.
Content Highlight: US to transfer $8.8 billion worth of weapons to Israel; Bernie Sanders says he will block it through a vote