| Monday, 15th July 2024, 11:40 am

ഇസ്രഈല്‍ വംശഹത്യ; ഐ.സി.സി വാറണ്ടിനെതിരെ അമിക്കസ് ക്യൂറി ഫയല്‍ ചെയ്യാനൊരുങ്ങി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ നിയമപരമായി തടയാന്‍ അമേരിക്ക. ഐ.സി.സി നടപടിക്കെതിരെ അമിക്കസ് ക്യൂറിയെ നിയോഗിക്കാന്‍ യു.എസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഒരു കേസുമായി ബന്ധപ്പെട്ട രാഷ്ട്രങ്ങളെയും വ്യക്തികളെയും എന്‍.ജി.ഒകളെയും അമിക്കസ് ക്യൂറി ഫയല്‍ ചെയ്യാന്‍ ഐ.സി.സി അനുവദിക്കുന്നുണ്ട്. ഒരു പ്രത്യേക കേസില്‍ താത്പര്യം പ്രകടിപ്പിക്കുന്ന കക്ഷികളുടെ അഭിപ്രായം കേൾക്കാൻ ഐ.സി.സിക്ക് വിവേചനാധികാരവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.

അമിക്കസ് ക്യൂറിയെ നിയോഗിക്കാനുള്ള തീരുമാനം യു.എസ് അന്താരാഷ്ട്ര കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഐ.സി.സിയുടെ അറസ്റ്റ് വാറണ്ടിനെതിരായ നടപടിയില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യു.കെയുടെ നീക്കത്തെ തടയുന്നതിനിടെയാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കം.

ഇസ്രഈലിന് മേലുള്ള കോടതിയുടെ അധികാരപരിധിയെ വെല്ലുവിളിക്കണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയോട് ആവശ്യപ്പെട്ടുവെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ്  റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ ഉച്ചകോടിക്കിടെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം ലാമിയോട് ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് യു.കെയില്‍ ഭരണം നഷ്ടപ്പെടുന്നത്. പിന്നാലെ ഗസ വിഷയത്തില്‍ ഋഷി സുനക് സ്വീകരിച്ച നിലപാട് തുടരുന്നതില്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഐ.സി.സി ഉത്തരവിനെ വെല്ലുവിളിക്കാനുള്ള നീക്കത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്നോട്ടാഞ്ഞത്.

കഴിഞ്ഞ ദിവസം ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി യു.കെ-മെഡ് എന്ന എന്‍.ജി.ഒയ്ക്ക് ധനസഹായം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഏഴ് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗസയിലെ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായവും മെഡിക്കല്‍ സൗകര്യവും ഒരുക്കുന്നതിനായാണ് പണം സജ്ജീകരിക്കുന്നതെന്ന് പ്രഖ്യാപനത്തിന് ഡേവിഡ് ലാമി പറഞ്ഞിരുന്നു.

Content Highlight: US to legally block arrest warrant issued by International Criminal Court over Israeli genocide in Gaza

We use cookies to give you the best possible experience. Learn more