ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കീഴ്‌ക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ആവശ്യം തള്ളി. എന്നാല്‍ കൈമാറ്റം എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കനേഡിയന്‍ പൗരനായ റാണയെ കൈമാറണമെന്ന് ഇന്ത്യ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരേക്കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാമെന്ന് ചൂണ്ടിക്കാട്ടി റാണ കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബര്‍ 16ന് യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് ബി പ്രീലോഗര്‍ റാണയുടെ ഹരജി തള്ളണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡിസംബര്‍ 23ന് റാണയുടെ അഭിഭാഷകന്‍ ജോഷ്വ എല്‍ ഡ്രാറ്റല്‍, യു.എസ് സര്‍ക്കാരിന്റെ ശുപാര്‍ശയെ ചോദ്യം ചെയ്ത് തന്റെ റിട്ട് അംഗീകരിക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ (26/11) മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവുര്‍ റാണയെന്ന തഹാവുര്‍ ഹുസൈന്‍ റാണ.
കൂടാതെ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന് പുറമെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയ്ക്ക ധനസഹായം നല്‍കിയതിന് യു.എസ് ഇയാളെ മുമ്പ് ശിക്ഷിച്ചിരുന്നു. ഡെന്‍മാര്‍ക്കില്‍ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയതിനും റാണ ശിക്ഷിക്കപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. അന്ന് പത്തോളം ഭീകരര്‍ ആണ് 60 മണിക്കൂറിലധികം മുംബൈയിലെ സുപ്രധാന മേഖലകള്‍ ഉപരോധിച്ച് ആക്രമണം നടത്തുകയായിരുന്നു. 2008 നവംബര്‍ 26ന് ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് 10 ലഷ്‌കര്‍ ഇ.തൊയ്ബയിലെ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തി.
2009 ഒക്ടോബറില്‍, ഭീകരാക്രമണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി അമേരിക്കന്‍ അധികാരികള്‍ റാണയെ ചിക്കാഗോയിലെ ഒ’ഹെയര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlight: US to extradite Mumbai terror attack mastermind Tahawwur Rana to India