ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിന് ഉത്തരവാദി അമേരിക്ക: ബെലാറസ്
World News
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിന് ഉത്തരവാദി അമേരിക്ക: ബെലാറസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 8:46 am

മിന്‍സ്‌ക്: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ. യു.എസ് ഉപരോധം മൂലം അമേരിക്കന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാന്‍ ഇറാന് സാധിക്കാത്തതാണ് പ്രസിഡന്റ് റഈസിയുടെ മരണത്തിന് കാരണമെന്നായിരുന്നു ലുകാഷെങ്കോ പറഞ്ഞത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ബെലാറസിലെ മിന്‍സ്‌കില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ലുകാഷെങ്കോ അമേരിക്കക്കെതിരെ തുറന്നടിച്ചത്. അമേരിക്കയുടെ വെറുപ്പുളവാക്കുന്നതും നീചവുമായ നിലപാടാണ് വലിയൊരപകടത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കപ്പലുകള്‍ക്കെതിരെയും വിമാനങ്ങള്‍ക്കെതിരെയും ആളുകളെ കൊണ്ട് പോകുന്ന ഹെലികോപ്റ്ററുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കക്ക് അവകാശമില്ല. തെറ്റ് അവരുടെ ഭാഗത്തു തന്നെയാണ് ‘ ലുകാഷെങ്കോ പറഞ്ഞു.

മിന്‍സ്‌ക് സന്ദര്‍ശിച്ച പുടിന്‍, ഇറാനിയന്‍ വാഹനവ്യൂഹത്തിലെ മറ്റ് രണ്ട് ഹെലികോപ്റ്ററുകള്‍ റഷ്യന്‍ നിര്‍മിതമാണെന്ന് ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററുകള്‍ അതേ അവസ്ഥയില്‍ അതേ ഇടനാഴിയില്‍ ഒരു പ്രശ്‌നവുമില്ലാതെ പ്രത്യേക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പറന്നെന്നായിരുന്നു പുടിന്റെ പ്രതികരണം.

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇറാന്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സൈന്യം നല്‍കിയ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഹെലികോപ്റ്റര്‍ അതിന്റെ സഞ്ചാരപാതയില്‍ തന്നെയായിരുന്നു. വെടി
വെച്ചിട്ടതിന്റെയോ മറ്റോ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിച്ചതെന്ന് ഇറാന്‍ മനസിലാക്കുമെന്ന് ലുകാഷെങ്കോ പറഞ്ഞു. സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തിലും സ്വന്തം ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച പ്രസിഡന്റായിരുന്നു റഈസി എന്നും ലുകാഷെങ്കോ കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ എന്നിവര്‍ തിങ്കളാഴ്ച അസര്‍ബൈജാനില്‍ നിന്ന് മടങ്ങുന്ന വഴി ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. ഹെലികോപ്റ്ററിലുള്ള മുഴുവന്‍ ആളുകളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: US to blame for Iranian president’s death: Belarus