ന്യൂദൽഹി: അമേരിക്കയിലെ ഖലിസ്ഥാൻവാദി നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി യു.എസ് തകർത്തതായും ഇന്ത്യൻ ഗവണ്മെന്റിന് പദ്ധതിയിൽ പങ്കുണ്ടെന്ന ആശങ്കയെ തുടർന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്.
സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുരുപ്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ആണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത് എന്ന് ഫിനാൻഷ്യൽ ടൈംസ് പറയുന്നു. റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കാനഡയിൽ ഖലിസ്ഥാൻവാദി നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപണം ഉന്നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോഴാണ് യു.എസിന്റെ പ്രതിഷേധം അറിയിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്ന് പറഞ്ഞതിന് ഗുരുപ്‌വന്ത് സിങ് പന്നുവിനെതിരെ എൻ.ഐ.എ യു.എ.പി.എ ചുമത്തി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പഞ്ചാബിലെ അമൃത്സറിൽ ജനിച്ച ഗുരുപ്‌വന്ത് സിഖുകാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര കോടതികളിൽ കേസുകൾ ഫയൽ ചെയ്തതിലും പങ്കാളിയാണ്.
2020ലാണ് ഇയാളെ ഇന്ത്യാ ഗവൺമെന്റ് തീവ്രവാദിയായി പ്രഖ്യാപിച്ചത്. നിയമവിരുദ്ധ നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം അയാളുടെ കൃഷിഭൂമി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlight: US thwarted plot to kill Sikh separatist, issued warning to India: Report