വാഷിംഗ്ടണ്‍: ഇന്ധനവില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലാക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്ക. യു.എസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമാണ് സൗദിയോട് ഇന്ധനവില കൂടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടത്. സൗദിയുടെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസുമായും ജെനിഫര്‍ സംസാരിച്ചു.
ഒപെക് യോഗം നടക്കുന്നതിന് മുന്നോടിയായിരുന്നു ജെന്നിഫര്‍ അബ്ദുല്‍ അസീസുമായി സംസാരിച്ചത്. അതേ സമയം വ്യാഴാഴ്ച നടന്ന ഒപെക് യോഗത്തില്‍ പെട്രോളിയം ഘനനം ചെയ്യുന്നതിന്റെ നിരക്ക് കൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യത്തില്‍ അനുകൂലമായ നിലപാടല്ല സൗദി സ്വീകരിച്ചത്.
പെട്രോളിയം ഉത്പന്നങ്ങളുടെ ഡിമാന്‍ഡില്‍ കൊവിഡ് വലിയ ഇടിവാണ് വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡിമാന്‍ഡ് കൂടുന്നതിന് മുന്‍പ് ഉത്പാദനം കൂട്ടിയാല്‍ ചെറിയ വിലയ്ക്ക് ഇന്ധനം വില്‍ക്കേണ്ടി വരുമെന്നും സൗദി ഊര്‍ജമന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങള്‍ ഘനനം ചെയ്യുന്നതില്‍ ഒപെക് രാഷ്ട്രട്രങ്ങള്‍ നിയന്ത്രണം വെച്ചത് യൂറോപ്പിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഘനനത്തിനുളള നിയന്ത്രണം നീക്കാന്‍ ഒപെക് രാഷ്ട്രങ്ങളുടെ മേല്‍ വലിയ തരത്തിലുള്ള സമ്മര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പദാനത്തിന് വെച്ചിരിക്കുന്ന നിയന്ത്രണം രാജ്യങ്ങള്‍ സമയോചിതമായി പരിശോധിക്കുമെന്ന തീരുമാനവും യോഗത്തില്‍ കെക്കൊണ്ടിട്ടുണ്ട്.