വാഷിങ്ടണ്‍ : സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും കൊണ്ട് യു.എസ് കണക്ക് പറയിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ടെലിഫോണ്‍ സന്ദേശത്തിലാണ് മൈക്ക് പോംപിയോയുടെ മുന്നറിയിപ്പ്.
സംഭാഷണത്തില്‍ യെമനിലെ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. യെമനിലെ യുദ്ധവും ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചു നടന്ന കൊലപാതകവും യു.എസും സൗദിയും തമ്മില്‍ കാലങ്ങളായുള്ള അടുപ്പത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരിക്കുകയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read:പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതരമതസ്ഥര്‍ പ്രവേശിച്ചെന്ന് സംശയം; തന്ത്രി നട അടച്ചു
ഇരുസംഭവവുമായും സൗദി കിരീടാവകാശിക്ക് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സൗദിയുടെ യെമന്‍ ദൗത്യത്തെ നിയന്ത്രിക്കുന്നത് എം.ബി.എസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശിയാണ്. കൂടാതെ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നിലും എം.ബി.എസ് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
” ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുള്ളവരെക്കൊണ്ട് യു.എസ് മറുപടി പറയിക്കുമെന്നാണ് സെക്രട്ടറി ഊന്നിപ്പറഞ്ഞത്. സൗദി അറേബ്യയും അതു ചെയ്യണമെന്ന് യു.എസ് ആവശ്യപ്പെട്ടു.” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗയേട്ട് പ്രസ്താവനയില്‍ അറിയിച്ചു.
ഖഷോഗ്ജിയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് നയതന്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഉപരോധം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങള്‍ യു.എസ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധമുള്ള ഏഴുപേര്‍ സൗദി കിരീടാവകാശിയുടെ സുരക്ഷയുടെ ചുമതലയുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് നേരത്തെ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൂടാതെ ഖഷോഗ്ജിയുടെ കൊലയ്ക്കു പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനെന്ന ആരോപണം തുര്‍ക്കിയും ഉന്നയിച്ചിരുന്നു.