വാഷിങ്ടണ്‍: ഗസയില്‍ നിന്ന് ഇസ്രഈലി സൈന്യത്തെ പിന്‍വലിക്കുന്നതിനായി ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അമേരിക്ക. ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രഈല്‍ സേനയെ പിന്‍വലിക്കുന്നത് സൈന്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമായിരിക്കുമെന്ന് യു.എസ് കോടതിയെ അറിയിച്ചു.
ഗസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രഈലികളെ പിന്‍വലിക്കുന്നത് അവരുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് ആയിരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ആക്ടിങ് ലീഗല്‍ അഡൈ്വസര്‍ റിച്ചാര്‍ഡ് വിസെക് കോടതിയോട് പറഞ്ഞു.
കൂടാതെ വെസ്റ്റ് ബാങ്കില്‍ 700,000ത്തിലധികം കുടിയേറ്റക്കാരായ ഇസ്രഈലികളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. എന്നാല്‍ ഈ ഇസ്രഈലികള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിയന്ത്രണത്തിലുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ ഭാഗമല്ലെന്നും അമേരിക്ക അറിയിച്ചു.
അതേസമയം കുടിയേറ്റക്കാരായ ഇസ്രഈലികള്‍ ഫലസ്തീനില്‍ വ്യാപകമായും അനധികൃതമായും വീടുകള്‍ നിര്‍മിക്കുകയാണെന്നും യു.എസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയുണ്ടായി. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മൂന്നാം തവണയാണ് ഗസയിലെ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.
ഗസയില്‍ ഇസ്രഈല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതി ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ ഫയല്‍ ചെയ്ത വംശഹത്യ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പ് അടക്കമുള്ള സുഹൃത്ത് രാജ്യങ്ങളില്‍ നിന്ന് സയണിസ്റ്റ് ഭരണകൂടം കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് നോട്ടിംങ്ഹാം സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷം സംബന്ധിച്ച കോടതിയുടെ വിധി ഏതാനും രാഷ്ട്രങ്ങള്‍ ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചേക്കാമെന്നും അനഡോലുവിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: US tells International Court of Justice that it cannot issue an order to withdraw Israeli troops from Gaza