റിയാദ്: ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരം തേടാന്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി യു.എസ് സംഘം സൗദിയിലേക്ക്.
വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്നറും സംഘവുമാണ് ഈ ആഴ്ച സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജേര്‍ഡ് കുഷ്‌നര്‍ സൗദി നഗരമായ നിയോമില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യു.സിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ എവി ബെര്‍കോവിറ്റ്‌സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ആദം ബോഹ്ലര്‍ എന്നിവരും കുഷ്നറിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സുരക്ഷാ കാരണങ്ങളാല്‍ കുഷ്‌നറുടെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.
കഴിഞ്ഞയാഴ്ച കുഷ്‌നര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരാഴ്ച മുന്‍പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നിയോമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തില്‍ ഇറാനെതിരായ ആക്രമണത്തെ അനുകൂലിക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം അംഗീകരിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല.
ഇറാനിലെ യുറേനിയം പ്രോസസ്സിംഗ് ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരായ ആക്രമണത്തെ പോംപിയോയും അനുകൂലിച്ചിരുന്നില്ലെന്നാണ് സൗദി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. യോഗത്തില്‍ നെതന്യാഹു ഇറാനെ ആക്രമിക്കേണ്ടതിനെ കുറിച്ച് വാദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് കാരണങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെന്നും അതിലൊന്ന് അടുത്തിടെ സൗദിയുടെ എണ്ണശാലകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണമാണെന്നുമാണ് സൂചന. ഇത് സൗദിക്കെതിരായ ഇറാന്റെ നിഴല്‍യുദ്ധമായാണ് രാജ്യം കണക്കാക്കുന്നത്.
രണ്ടാമതായി, യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ വിഷയത്തിലുള്ള യു.എസിന്റെ നിലപാടിലുള്ള സംശയമാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നതോടെ ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാട് മാറാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് സൗദി.
അതിനിടെ ഇസ്രഈല്‍ ആണ് ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ശനിയാഴ്ച ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘സയണിസ്റ്റ് കൂലിപ്പടയാളികളുടെ കൈകള്‍ ഒരു ഇറാനിയന്റെ ജീവന്‍ എടുത്തിരിക്കുന്നു’, എന്നായിരുന്നു റൂഹാനി കാബിനറ്റ് യോഗത്തില്‍ പറഞ്ഞത്.
ഇസ്രാഈലും ബഹ്റൈനും, യു.എ.ഇയും സുഡാനും തമ്മിലുള്ള സമാധാനചര്‍ച്ചകളും കരാറുകളും കുന്‍ഷറിന്റെ ചര്‍ച്ചയില്‍ വിഷയമായേക്കും. ജനുവരി 20 ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുകയും ബൈഡന്‍ അധികാരമേല്‍ക്കുകയും ചെയ്യുന്നതിന് മുന്നോടിയായി ഇത്തരം കരാറുകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇസ്രഈലുമായുള്ള കരാറിന് സൗദി അറേബ്യ തയ്യാറാകുന്നത് മറ്റ് അറബ് രാജ്യങ്ങളെ കൂടി ഇതിന് പ്രേരിപ്പിക്കുമെന്നാണ് യു.എസ് കരുതുന്നത്.
എന്നാല്‍, സൗദി ഇത്തരമൊരു സുപ്രധാന ഇടപാടില്‍ ഉടന്‍ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നാണ് സൂചനകള്‍.
2018 ല്‍ ട്രംപ് വേണ്ടെന്നുവെച്ച ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാര്‍ പുനരാരംഭിക്കുമെന്നും അതിന്റെ നിബന്ധനകള്‍ ശക്തിപ്പെടുത്തുന്നതിന് സഖ്യകക്ഷികളുമായി പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ ജി.സി.സിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ 2017ലാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു ഇത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക