ന്യൂയോര്‍ക്ക്: യു.എസില്‍ ക്ലാസ് മുറിയില്‍ എട്ട് വയസുകാരിയുടെ ഹിജാബ് വലിച്ചുകീറി അധ്യാപകന്റെ ക്രൂരത. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു അധ്യാപകന്റെ നടപടി.
ബെന്നിങ്ഗണ്‍ടണ്‍ സ്‌കൂളിലെ ഹോഹ്നെറ്റഗ എഡ എന്ന 31 കാരനായ അധ്യാപകനാണ് കുട്ടിയുടെ ഹിജാബ് വലിച്ചുകീറിയതെന്ന് പൊലീസ് പറയുന്നു. ക്ലാസില്‍ ഇയാളുടെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരുന്നെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ കസേരയില്‍ നിന്നും അധ്യാപകന്‍ പിടിച്ചു തള്ളിയതായും ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയില്‍ നിന്നും ദേഷ്യത്തോടെ ഇയാള്‍ തട്ടം വലിച്ചുകീറുകയായിരുന്നു.
Dont Miss പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി
കുട്ടിയുടെ തട്ടം താന്‍ പറിച്ചെടുത്തതായി അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്. തട്ടം പിടിച്ചു പറക്കുന്നതിനിടെ അധ്യാപകന്റെ കൈ തട്ടി കുട്ടിയുടെ വലതുകണ്ണിന് പരിക്കും പറ്റിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ കണ്ണിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ജേക്കോബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി അങ്ങേയറ്റം തെറ്റാണെന്നും സ്‌കൂളില്‍ നിന്നും ഇയാളെ പുറത്താക്കിയതായും ഡിപാര്‍ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ വക്താവ് മിഷേല്‍ അസിമെന്‍ പറഞ്ഞു. 2017 ജനുവരിയിലാണ് ഇയാള്‍ മറ്റൊരു അധ്യാപകന്റെ ഒഴിവില്‍ ഇവിടെ ജോലിയ്ക്ക് പ്രവേശിച്ചത്.
അധ്യാപകന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും ദേഷ്യവും വികാരങ്ങളും അടക്കിനിര്‍ത്താന്‍ പോലും കഴിയാത്തവര്‍ എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു. യു.എസില്‍ തട്ടമിടുന്നവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയുണ്ടായ ഈ സംഭവം വലിയ വിവാദത്തിന് തന്നെ വഴിയൊരുക്കിയിട്ടുണ്ട്.