അമേരിക്കയില്‍ ജൂത ദേവാലയത്തില്‍ വെടിവെയ്പ്: സ്ത്രീ കൊല്ലപ്പെട്ടു
Terror Attack
അമേരിക്കയില്‍ ജൂത ദേവാലയത്തില്‍ വെടിവെയ്പ്: സ്ത്രീ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 8:19 am

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ജൂതദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സിനഗോഗിലെ റബ്ബിയും ഉള്‍പ്പെടും. വെടിവെയ്പ് നടത്തിയെന്ന് സംശയിക്കപ്പെടുന്ന 19 വയസുള്ള ജോണ്‍ ഏണസ്റ്റ് എന്നയാളെ സാന്‍ഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസമുണ്ടായ മുസ്‌ലിം പള്ളി തീവെപ്പുമായി ബന്ധപ്പെട്ടും ജോണ്‍ ഏണസ്റ്റിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

അക്രമി തോക്കുമായി വന്ന് സിനഗോഗിനകത്ത് വെടിവെയ്ക്കുകയായിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ബോര്‍ഡര്‍ പട്രോള്‍ ഓഫീസര്‍ വെടിയുതിര്‍ത്തപ്പോള്‍ ഏണസ്റ്റ് സംഭവസ്ഥലത്ത് നിന്ന് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ജോണ്‍ ഏണസ്റ്റിന്റെ സോഷ്യല്‍മീഡിയയും ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്ത കത്തും പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.

പിറ്റ്‌സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗ് വെടിവെയ്പ് നടന്ന് 6 മാസം പിന്നിടുമ്പോഴാണ് അമേരിക്കയില്‍ ജൂത വിശ്വാസികള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാവുന്നത്.