| Friday, 14th June 2024, 9:07 am

അബോര്‍ഷന്‍ ഗുളികക്ക് അംഗീകാരം നല്‍കി യു.എസ് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അബോര്‍ഷന്‍ ഗുളികക്ക് അംഗീകാരം നല്‍കി യു.എസ് സുപ്രീം കോടതി. കഴിഞ്ഞ ദിവസം വന്ന വിധിയില്‍ ഗര്‍ഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന ഗുളികയായ മൈഫെപ്രിസ്റ്റോണ്‍ ഉപയോഗിക്കുന്നത് കോടതി ശരിവെക്കുകയായിരുന്നു. മരുന്നിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള വിചാരണ കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹരജി നല്‍കാനുള്ള നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 2016ലും 2021ലും ഗര്‍ഭച്ഛിദ്രത്തിനുള്ള മൈഫെപ്രിസ്റ്റോണ്‍ ഗുളിക നിര്‍ദേശിക്കുന്നതും വിതരണം ചെയ്യുന്നതും എളുപ്പമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

2000-ല്‍ എഫ്.ഡി.ഐ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിച്ച ഈ ഗുളിക യു.എസിലെ 60 ശതമാനത്തിലധികം ഗര്‍ഭച്ഛിദ്രങ്ങളിലും ഉപയോഗിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

സി.വി.എസ് വാള്‍ഗ്രീന്‍സ് എന്ന കമ്പനിയാണ് മരുന്ന് വിപണിയിലെത്തിക്കുന്നത്. രോഗികളുടെയും ഫാര്‍മസി ജീവനക്കാരുടെയും സുരക്ഷയും സ്വകാര്യതയും പാലിച്ച് മാത്രമാകും മരുന്ന് വിതരണം ചെയ്യുകയെന്ന് കമ്പനി അറിയിച്ചിരുന്നു.

2016-ലും 2021-ലും മരുന്ന് ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള എഫ്.ഡി.എയുടെ തീരുമാനങ്ങള്‍ യുക്തിരഹിതമാണെന്നും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നും ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ വാദിച്ചു.

2022-ല്‍ സുപ്രീം കോടതി ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം അനുവദിച്ച വിധി അസാധുവാക്കി. ഇത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് നിരവധി ആളുകള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.

പ്രത്യുല്‍പാദന അവകാശങ്ങള്‍ പ്രചാരണത്തില്‍ പ്രധാന വിഷയമായ യു.എസ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി.

Content Highlight: US Supreme Court upholds access to abortion pill

We use cookies to give you the best possible experience. Learn more