| Sunday, 22nd December 2024, 9:06 am

യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. യെമൻ തലസ്ഥാനമായ സനയിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ മിസൈൽ സംഭരണ ​​കേന്ദ്രത്തിനും കമാൻഡ് ആൻഡ് കൺട്രോളിനും നേരെ ശനിയാഴ്ച വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു.

ദക്ഷിണ ചെങ്കടൽ, ബാബ് അൽ-മാൻഡെബ്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലെ യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കും വ്യാപാര കപ്പലുകൾക്കുമെതിരായ ഹൂത്തികളുടെ ആക്രമണം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് പ്രസ്താവിച്ചു. ചെങ്കടലിന് മുകളിലൂടെ ഹൂത്തികളുടെ വൺവേ ഡ്രോണുകളും ക്രൂയിസ് മിസൈലും തകർത്തതായി യു.എസ് സൈന്യം അറിയിച്ചു.

യെമനിലെ സനയിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളെ യു.എസ് സൈന്യം ലക്ഷ്യമിട്ടപ്പോൾ, യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങളും ഊർജ കേന്ദ്രങ്ങളും ഇസ്രഈൽ ആക്രമിച്ചു.

അതെ സമയം കഴിഞ്ഞ ദിവസം ഇസ്രഈലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ ഹൂത്തികൾ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രഈല്‍ അറിയിച്ചു. യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു.

ടെല്‍ അവീവിന് കിഴക്കുള്ള ബനേ ബ്രാക്കിലാണ് പ്രൊജക്ടൈല്‍ പതിച്ചതെന്ന് വിവിധ ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈലിനെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചിരുന്നു. ഗസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഇത് തുടരുമെന്നാണ് ഹൂത്തികള്‍ അറിയിച്ചത്.

ഗസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ യെമനിലെ ഹൂത്തികള്‍ ഇസ്രഈലിനെ ആക്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെങ്കടലിലേയും ഏദന്‍ ഉള്‍ക്കടലിലേയും ഇസ്രഈലി ബന്ധമുള്ള കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഈ ഭീഷണി വര്‍ധിച്ചതോടെ യു.എസും ബ്രിട്ടനും സനയിലെ ഹൂത്തി കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു.

ഇസ്രഈലും യെമനിലെ ഹൊദൈദയിലെ തുറമുഖങ്ങളും സനയിലെ പവര്‍ സ്റ്റേഷനുകളും ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ക്കിടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: US strikes Houthi military targets in Yemen to ‘disrupt Red Sea attacks’

We use cookies to give you the best possible experience. Learn more