| Monday, 4th May 2020, 11:02 am

കൊറോണ വൈറസിനെ ചൈന വുഹാനിലെ ലാബില്‍ നിര്‍മിച്ചതിന് തെളിവുകളുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു.

‘വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്,’ മൈക്ക് പോംപിയോ എ.ബി.സി ന്യൂസിനോട് പറഞ്ഞു.

വിദഗ്ധരെല്ലാം ഇത് മനുഷ്യനിര്‍മിതമാണെന്നു പറയുന്ന സാഹചര്യത്തില്‍ താന്‍ മാറി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിദഗ്ധരെല്ലാം കരുതുന്നത് ഇത് മനുഷ്യ നിര്‍മിതമാണെന്നാണ്. അപ്പോള്‍ ഇത് മനുഷ്യനിര്‍മിതമല്ലാ എന്ന് ഞാന്‍ വിശ്വസിക്കേണ്ട കാര്യമില്ലല്ലോ,” പോംപിയോ പറഞ്ഞു.

അതേസമയം കൊറോണ വൈറസ് ജനിതകമാറ്റം വരുത്തിയതോ മനുഷ്യനിര്‍മ്മിതമോ അല്ലെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞിരുന്നു. അഭിമുഖ വേളയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞത് ശരിയാണെന്നും പോംപിയോ പറഞ്ഞു.

പോംപിയോയുടെ പ്രതികരണത്തോട് യു. എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചിട്ടില്ല.

അതേസമയം ചൈനയിലെ ലാബിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചതെന്ന പോംപിയോയുടെ വാദത്തെ എതിര്‍ത്തു കൊണ്ട് ചൈനയിലെ ഒരു ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. തെളിവുകള്‍ കണ്ടു പിടിച്ചെന്ന തരത്തില്‍ പോംപിയോ വിഡ്ഢിത്തം വിളിച്ചു പറയുകയാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.

ചൈനയിലെ ലാബിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചതെന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more