അമേരിക്കയുടെ ഏക എതിരാളി ചൈന; പുടിന്‍ തീരുമാനം മാറ്റാത്തിടത്തോളം ഉക്രൈന് പിന്തുണ നല്‍കും: യു.എസ് സ്റ്റേറ്റ് സെക്രട്ടറി
World News
അമേരിക്കയുടെ ഏക എതിരാളി ചൈന; പുടിന്‍ തീരുമാനം മാറ്റാത്തിടത്തോളം ഉക്രൈന് പിന്തുണ നല്‍കും: യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2022, 9:09 am

വാഷിങ്ടണ്‍: സ്വതന്ത്രവും സുതാര്യവുമായ അന്താരാഷ്ട്ര സംവിധാനത്തിന് റഷ്യ ഭീഷണി ഉയര്‍ത്തുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

അന്താരാഷ്ട്ര ക്രമം (international order) പുനര്‍രൂപീകരിക്കുന്ന കാര്യത്തില്‍ ചൈന മാത്രമാണ് അമേരിക്കയുടെ ‘ഏക എതിരാളി’യെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച വാഷിങ്ടണില്‍ തന്റെ വര്‍ഷാവസാന വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈന്‍- റഷ്യ വിഷയം അന്തിമമായി പരിഹരിക്കാനുള്ള ഏക മാര്‍ഗം നയതന്ത്രമാണെന്നും (diplomacy) ബ്ലിങ്കന്‍ പറഞ്ഞു.

”സ്വതന്ത്രവും സുതാര്യമായതുമായ അന്താരാഷ്ട്ര സംവിധാനത്തിന് റഷ്യ ഭീഷണി ഉയര്‍ത്തുമ്പോള്‍, പി.ആര്‍.സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ആണ് ഞങ്ങളുടെ ഏക എതിരാളി.

അത് അന്താരാഷ്ട്ര ക്രമം പുനര്‍രൂപകല്‍പന ചെയ്യുന്ന കാര്യത്തിലായാലും ആ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി സാമ്പത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക മേഖലകളില്‍ ശക്തി പ്രാപിക്കുന്ന കാര്യത്തിലായാലും,” ബ്ലിങ്കന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്തപ്രധാനമായ ഇന്തോ- പസഫിക് മേഖലയില്‍ ചൈനയുമായി വിരുദ്ധാഭിപ്രായങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന ചില ഏഷ്യന്‍ രാഷ്ട്രങ്ങളോടും യു.എസ് നേരത്തെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഉക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ തീരുമാനം മാറ്റാത്തിടത്തോളം ഉക്രൈന് അമേരിക്ക നല്‍കിവരുന്ന പിന്തുണ ശക്തമായി തന്നെ നിലനിര്‍ത്തുക എന്നതാണ് മുന്നിലുള്ള ഓപ്ഷനെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

”പ്രസിഡന്റ് പുടിന്‍ തീരുമാനം മാറ്റുന്നത് വരെ, നീതിപൂര്‍വവും സുസ്ഥിരവുമായ സമാധാനത്തിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും നയതന്ത്രത്തിനുള്ള സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഉക്രൈന് ഞങ്ങള്‍ നല്‍കിവരുന്ന പിന്തുണ ശക്തമായി നിലനിര്‍ത്തുക എന്നതാണ്,” ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

തായ്‌വാന്‍ കടലിടുക്കില്‍ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Content Highlight: US State Secretary Antony Blinken says China is America’s ‘only competitor’ with intent to reshape international order