| Monday, 1st November 2021, 5:14 pm

അവസാന ശ്വാസം വരെ പോരാടുമെന്ന് പറഞ്ഞ അഷ്‌റഫ് ഗനി പിറ്റേന്നു തന്നെ പലായനം ചെയ്തു; ആന്റണി ബ്ലിങ്കനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: തന്റെ അവസാന ശ്വാസം വരെ താലിബാനെതിരെ പോരാടുമെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞതായി യു.എസ് സ്റ്റേറ്റ്‌സ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

എന്നാല്‍ പോരാടുന്നതിന് പകരം അദ്ദേഹം ഒളിച്ചോടുകയാണ് ചെയ്തതെന്നും ബ്ലിങ്കന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 14ന് ബ്ലിങ്കന്‍ അഷ്‌റഫ് ഗനിയുമായി സംസാരിച്ചിരുന്നുവെന്നും, അഫ്ഗാനിസ്ഥാന്റെ എല്ലാ വിധ അധികാരവും താലിബാന് നല്‍കാന്‍ ബ്ലിങ്കന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ‘സി.ബി.എസ് ഫേസ് ദി നേഷന്‍’ എന്ന ടോക് ഷോയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ താന്‍ ഒരിക്കലും താലിബാന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നും പറഞ്ഞ ഗനി, പിറ്റേ ദിവസം തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുകയായിരുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ 20 വര്‍ഷമായി യു.എസ് ഭരണകൂടം സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൃത്യമായി വിലയിരുത്തുന്നതായി ബ്ലിങ്കന്‍ പറഞ്ഞെന്നും ഡോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്. രക്തച്ചൊരിച്ചില്‍ ഇല്ലാതിരിക്കാനാണ് താന്‍ രാജ്യം വിട്ടത് എന്നായിരുന്നു ഗനി വിശദീകരിച്ചിരുന്നത്.

യു.എ.ഇലേക്കായിരുന്നു ഗനി പലായനം ചെയ്തത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് യു.എ.ഇ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. നേരത്തെ അഷറഫ് ഗനി അഫ്ഗാനില്‍ നിന്ന് താജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  US State Secretary Antony Blinken says Afghanistan’s Ex-President Vowed To Fight Till Death, But Fled

We use cookies to give you the best possible experience. Learn more