സെലന്‍സ്‌കി കൊല്ലപ്പെട്ടാലും ഉക്രൈനില്‍ സര്‍ക്കാരുണ്ടാകുമെന്ന സൂചന നല്‍കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി; 'എന്ത് വന്നാലും സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകും'
World News
സെലന്‍സ്‌കി കൊല്ലപ്പെട്ടാലും ഉക്രൈനില്‍ സര്‍ക്കാരുണ്ടാകുമെന്ന സൂചന നല്‍കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി; 'എന്ത് വന്നാലും സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 9:09 am

വാഷിങ്ടണ്‍: ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി കൊല്ലപ്പെടുകയാണെങ്കിലും ഉക്രൈനില്‍ ഭരണം തുടരുമെന്നും സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും സൂചന നല്‍കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

സി.ബി.എസ് ന്യൂസിന്റെ ‘ഫേസ് ദ നേഷന്‍’ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍.

”ഉക്രൈനിലെ ജനങ്ങള്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്. ഞാന്‍ അതിനെപ്പറ്റി സംസാരിക്കുകയോ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുകയോ ചെയ്യുന്നില്ല.

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉക്രൈനില്‍ സര്‍ക്കാരിന് തുര്‍ച്ചയുണ്ടാകും എന്നാണ് അത്,” ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

പ്രതിസന്ധി സമയത്ത് ഉക്രൈനെ നയിക്കുന്നതിലുള്ള സെലന്‍സ്‌കിയുടെ പാടവത്തെയും ബ്ലിങ്കന്‍ അഭിനന്ദിച്ചു.

”പ്രസിഡന്റ് സെലന്‍സ്‌കിയും അവരുടെ സര്‍ക്കാരും കാണിച്ച നേതൃപാടവം തീര്‍ത്തും പ്രശംസനീയമാണ്. ധൈര്യശാലികളായ ഉക്രൈന്‍ ജനതയുടെ പ്രതിനിധികളാണ് അവര്‍,” ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യക്കെതിരായ യുദ്ധത്തില്‍ ഉക്രൈനെ ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ പോളണ്ടും അമേരിക്കയും മുന്നോട്ട് വന്നിട്ടുണ്ട്. ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്.

മിഗ് 29, എസ്.യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നല്‍കുക.യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാനും ഉക്രൈന്‍ തീരുമാനിച്ചു.

പോളണ്ടുമായും നാറ്റോ അംഗരാജ്യങ്ങളുമായും സഹകരിച്ച് ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിക്കണമെന്ന് നാറ്റോയോട് വൊളോഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.


Content Highlight: US state secretary Antony Blinken hints Ukrainians’ paln of ‘continuity of government’ if Zelensky is killed