|

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; അമിത് ഷായുടെയും കേന്ദ്രസര്‍ക്കാരിന്റെയും പേര് പരാമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ-അധസ്ഥിത വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റിയുള്ള യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും ബി.ജെ.പി നേതൃത്വത്തെയും കേന്ദ്ര സര്‍ക്കാരിനെയും പേരെടുത്ത് പരാമര്‍ശിക്കുന്നു.

“India 2018 Human Rights Report” എന്ന റിപ്പോര്‍ട്ടിലാണ് അമിത് ഷായെ കുറിച്ചെല്ലാം പറയുന്നത്. 2018 സെപ്റ്റംബറില്‍ അസമില്‍ കഴിയുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാരെ “ചിതല്‍” എന്ന് വിശേഷിപ്പിച്ചുവെന്നും ഇവരെ പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. അസമിലെ നാല് മില്ല്യണ്‍ ജനങ്ങള്‍ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും പുറത്താണെന്നും ഇവരുടെയെല്ലാം പൗരത്വം അനിശ്ചിതത്വത്തിലാണെന്നും പറഞ്ഞു കൊണ്ടാണ് അമിത് ഷായുടെ വാക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത്. അമിത് ഷായെ കൂടാതെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്നവരെ സംരക്ഷിക്കുന്നതിനായി പര്യാപ്തമായ നിയമസംവിധാനം വേണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജയിലുകളില്‍ 53 ശതമാനവും വിചാരണ തടവുകാരായി കഴിയുന്നത് മുസ്‌ലിംങ്ങളും ആദിവാസികളും ദളിതരുമാണെന്നും ഇവര്‍ രാജ്യത്തെ ജയിലുകളില്‍ ജീവാപായം വരെ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജൂലൈയില്‍ രാജസ്ഥാനില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ക്ഷീരകര്‍ഷകന്‍ റക്ബര്‍ ഖാനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായവര്‍ക്കെതിരെ മൂന്നു മാസം കഴിഞ്ഞിട്ട് പോലും കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യു.പി, കശ്മീര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷാ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും മാവോയിസ്റ്റുകളും തീവ്രവാദ സംഘടനകളുമടക്കം സര്‍ക്കാരിനെതിരെ പോരാടാന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അഭയാര്‍ത്ഥികള്‍ക്കെതിരായി പ്രത്യേകിച്ച് റോഹിങ്ക്യര്‍ക്കെതിരായി വിരുദ്ധ വികാരം വളരുന്നുണ്ടെന്നും ഇത് അഭയാര്‍ത്ഥികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.