| Tuesday, 7th February 2023, 4:27 pm

സിറിയ-തുർക്കി ഭൂകമ്പ ദുരിത ബാധിതർക്ക് സഹായം നൽകാൻ തയ്യാർ; പക്ഷെ സിറിയൻ ഗവൺമെന്റ് വഴി സഹായ പദ്ധതികൾ നൽകില്ല: അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്കസ്: സിറിയയിലും തുർക്കിയിലും ഭൂകമ്പ ബാധിതരായി ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സഹായം നൽകാൻ തയ്യാറെന്ന് അമേരിക്ക. തുർക്കി-സിറിയൻ അതിർത്തി പ്രദേശങ്ങളിൽ നാശം വിതച്ച ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്നും, എന്നാൽ സിറിയൻ ഗവൺമെന്റുമായി നേരിട്ട് ഒരു സഹായ പദ്ധതിക്കും തയ്യാറല്ലെന്നുമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർഡ്മെന്റ്പ്രസ്താവിച്ചത്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർഡ്മെന്റ് വക്താവായ നെഡ് പ്രൈസാണ് (Ned Price) അമേരിക്ക സിറിയയിലെ എൻ.ജി.ഒകൾ വഴിയായിരിക്കും സിറിയയിലെ ദുരിത ബാധിതർക്ക് സഹായമെത്തിക്കുകയെന്നും സിറിയൻ പ്രസിഡന്റ്‌ ബഷർ-അൽ-അസദുമായി നേരിട്ടൊരു സഹായ പദ്ധതികൾക്കും തയ്യാറല്ലെന്നും മാധ്യമ പ്രവർത്തകരോട് അഭിപ്രായപ്പെട്ടത്.

അൽ-ജസീറയടക്കമുള്ള മാധ്യമങ്ങൾ നെഡ് പ്രൈസിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുർക്കിയുടെ തെക്ക്കിഴക്കൻ പ്രാവിശ്യയിലും സിറിയയുടെ വടക്കൻ മേഖലകളിലും നാശം വിതച്ച ഭൂചലനത്തിൽ ഏകദേശം 4300ലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെ 4.17ഓടെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്. തുർക്കിയിലെ സിറിയയുമായി അതിർത്തി പങ്കിടുന്ന ഗാസിയാൻടൈപ്പിൽ പ്രഭവം കൊണ്ട ഭൂചലനം പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം വീണ്ടും ആവർത്തിക്കുകയായിരുന്നു.
ഇതോടെയാണ് ഇരു രാജ്യങ്ങളിലും നാശ നഷ്ടം രൂക്ഷമായത്.

“ഒരു ഡസൻ വർഷമായി പൗരൻമാരെ അടിച്ചമർത്തുന്ന ഒരു സർക്കാരുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനം നടത്തുക എന്നത് തികച്ചും വിരോധാഭാസകരമായ സംഗതിയാണ്.

അതിനാൽ തന്നെ ഞങ്ങൾക്ക് യോജിച്ചുപോകാവുന്ന മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പങ്കാളികളുമായി ചേർന്ന് ദുരന്തബാധിതർക്ക് സഹായം എത്തിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്,’ നെഡ് പ്രൈസ് പറഞ്ഞു.

2011ൽ മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമായി അസദ് ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങൾ പിന്നീട് സിറിയയിൽ ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.

Ned Price

പിന്നീട് യുദ്ധം പുരോഗമിക്കവെ റഷ്യ, ഇറാൻ ലെബനോൻ മുതലായ രാജ്യങ്ങൾ അസദിനെ പിന്തുണച്ച് രംഗത്ത് വന്നപ്പോൾ അമേരിക്ക, തുർക്കി, ബ്രിട്ടൻ മുതലായ രാജ്യങ്ങൾ അസദ് വിരുദ്ധ ചേരിയിൽ നിലയുറപ്പിച്ചു.

Content Highlights:  US state department said they are ready to Help Earthquake Victims in Syria and Turkey but they dont directly interact with syrian government

We use cookies to give you the best possible experience. Learn more