വാഷിങ്ടണ്‍: അമേരിക്കയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ ഇബ്രാഹിം റസൂലിനെ പുറത്താക്കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. സൗത്ത് ആഫ്രിക്കന്‍ അംബാസിഡറെ ഇനി അമേരിക്കയിലേക്ക് സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രസിഡന്റ് ട്രംപിനെ വെറുക്കുന്ന ഒരു വംശീയവാദിയാണെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആരോപിച്ചു. എക്‌സ് പോസ്റ്റ് വഴിയായിരുന്നു റൂബിയോയുടെ പ്രഖ്യാപനം.
അതേസമയം റൂബിയോയോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അമേരിക്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അംബാസിഡറെ പുറത്താക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ഒരു വിദേശനയ സെമിനാറില്‍ റസൂല്‍ ട്രംപ് ഭരണകൂടത്തിനേയും ഇലോണ്‍ മസ്‌കിന്റെ നയങ്ങളെയും മേക്ക് അമേരിക്ക ഗ്രേറ്റ് ക്യാമ്പയിനുകളേയും കുറിച്ചെല്ലാം സംസാരിച്ചിരുന്നു. ട്രംപിനെ നേരിട്ട് വിമര്‍ശിക്കാതെ അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ വോട്ടവകാശം വര്‍ധിച്ച് വരുന്നതിനെയും ഇലോണ്‍ മസ്‌കിന്റ ജര്‍മന്‍ തെരഞ്ഞെപ്പിലെ സ്വാധീനത്തെയും കുറിച്ചെല്ലാം അക്കാദമിക് പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്.
എന്നാല്‍ ഇത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചതായാണ് സൂചന. ഈ വെബിനാറിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് റസൂലിനെ പുറത്താക്കിയ വാര്‍ത്ത റൂബിയോ എക്‌സില്‍ പങ്കുവെച്ചത്.
ഫെബ്രുവരിയില്‍, വെളുത്ത വര്‍ഗക്കാരായ കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്ന ഒരു നിയമം ദക്ഷിണാഫ്രിക്കയില്‍ നിലവിലുണ്ടെന്ന് അവകാശപ്പെട്ട് ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുൂള്ള യു.എസ് സഹായം മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കര്‍ഷകരെ യു.എസിലേക്ക് വരാന്‍ ക്ഷണിച്ച ട്രംപ് അവരുടെ ഭൂമി സര്‍ക്കാര്‍ കൈയടക്കുകയാണെന്നും അതിനാല്‍ അവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
ട്രംപിന്റെ അനുയായിയും ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയുടെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അവരുടെ ഭൂനയങ്ങള്‍ വംശീയമാണെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.
ഭൂരിഭാഗം കൃഷിഭൂമിയും ഇപ്പോഴും വെള്ളക്കാരുടെ ഉടമസ്ഥതയിലായതിനാലും, പരിഷ്‌കരണത്തിനുള്ള സമ്മര്‍ദം ഗവണ്‍മെന്റ് നേരിടുന്നതിനാലും, ഭൂവുടമസ്ഥത ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും ഒരു സെന്‍സിറ്റീവ് വിഷയമായി തുടരുകയാണ്.
ഒരു വിദേശ അംബാസഡറെ പുറത്താക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അസാധാരണമാണ്.
2010 മുതല്‍ 2015 വരെ യു.എസിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച റസൂല്‍ ജനുവരിയില്‍ വീണ്ടും സ്ഥാനപതിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു
വര്‍ണവിവേചന പ്രവര്‍ത്തനങ്ങളുടെ പ്രചാരകനായ റസൂല്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ അനുയായിയായ അദ്ദേഹം മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗവുമായിരുന്നു.
Content Highlight: US State Department expels South African ambassador