'ഇന്ത്യയും യു.എസും തമ്മില്‍ അടുത്ത ബന്ധം'; ബി.ബി.സി ഡോക്യുമെന്ററിയെ കുറിച്ചുള്ള ചോദ്യം അവഗണിച്ച് അമേരിക്ക
World News
'ഇന്ത്യയും യു.എസും തമ്മില്‍ അടുത്ത ബന്ധം'; ബി.ബി.സി ഡോക്യുമെന്ററിയെ കുറിച്ചുള്ള ചോദ്യം അവഗണിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 9:13 am

വാഷിങ്ടണ്‍: ഇന്ത്യയിലെ ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപത്തെയും മുസ്‌ലിം വംശഹത്യയെയും അതില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്കിനെയും കുറിച്ച് വിശദീകരിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ: ദ മോദി ക്വസ്റ്റിയനെ (India: The Modi Question) കുറിച്ചുള്ള ചോദ്യം തള്ളി അമേരിക്ക.

ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അവഗണിക്കുകയായിരുന്നു. എന്നാല്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെയും ഇരു രാജ്യങ്ങളും പങ്കിടുന്ന മൂല്യങ്ങളെയും ഊന്നിക്കൊണ്ട് യു.എസ് സംസാരിക്കുകയും ചെയ്തു.

”നിങ്ങള്‍ പറയുന്ന ഈ ഡോക്യുമെന്ററിയെ കുറിച്ച് എനിക്കറിയില്ല. പക്ഷെ ഇന്ത്യക്കും അമേരിക്കക്കുമുള്ള പൊതു താല്‍പര്യങ്ങളെ കുറിച്ച് എനിക്ക് നന്നായറിയാം.

രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിനും അമേരിക്കന്‍ ജനാധിപത്യത്തിനും പൊതുവായ മൂല്യങ്ങളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ നോക്കുന്നത്,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് (Ned Price) പറഞ്ഞു.

യു.എസിലുള്ള ഇന്ത്യന്‍ വോട്ടര്‍മാരെ ഇത്തരം നിലപാടുകളും വിദേശ നയങ്ങളും ബാധിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന പ്രതിപക്ഷ എം.പിയുടെ ചോദ്യത്തിന് ‘ഞാന്‍ ഇത്തരം രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കുന്നില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ട് അടുത്ത ചോദ്യത്തിലേക്ക് കടക്കുകയാണ് നെഡ് പ്രൈസ് ചെയ്തത്.

ഇന്ത്യയുമായി ചര്‍ച്ചക്ക് ആഗ്രഹിക്കുന്നുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയെ കുറിച്ചും പതിവ് പല്ലവിയില്‍ അമേരിക്ക പ്രതികരിച്ചു.

യു.എസ് പ്രാദേശിക സ്ഥിരത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏതൊരു ചര്‍ച്ചയുടെയും കാര്യം ആ രണ്ട് രാജ്യങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമാന വിഷയത്തില്‍ ഒരു പ്രതിപക്ഷ എം.പി ഉന്നയിച്ച ചോദ്യത്തിന് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണക്കുന്ന രീതിയിലായിരുന്നു മറുപടി നല്‍കിയിരുന്നത്.

‘ഗുജറാത്ത് കലാപത്തിലും നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിച്ച വര്‍ഗീയ സംഘര്‍ഷങ്ങളിളും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പങ്കിനെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്‌മെന്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു’, എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തില്‍ ഔദ്യോഗിക രേഖകളെ ഉദ്ധരിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി എം.പി ഇമ്രാന്‍ ഹുസൈന്‍ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ (House of Commons) പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളക്കിടെ ആവര്‍ത്തിച്ചത്. എന്നാല്‍ മോദിയെ പരോക്ഷമായി ന്യായീകരിക്കുന്ന തരത്തിലാണ് റിഷി സുനക് പ്രതികരിച്ചത്.

‘ഗുജറാത്തിന്റെ കാര്യത്തില്‍ ‘മോദിയാണ് ഉത്തരവാദി’ എന്ന് ചില ബ്രിട്ടീഷ് വിദേശകാര്യ നയതന്ത്രജ്ഞര്‍ വിശ്വസിക്കുന്നു എന്ന് ബി.ബി.സി ഡോക്യുമെന്ററിയില്‍ പറയുന്ന അവകാശവാദങ്ങളോട് യോജിക്കുന്നുണ്ടോ’ എന്ന് ബ്രാഡ്‌ഫോര്‍ഡ് ഈസ്റ്റിലെ പാര്‍ലമെന്റംഗവും പാകിസ്ഥാന്‍ വംശജനുമായ ഇമ്രാന്‍ ഹുസൈന്‍ (Imran Hussain) റിഷി സുനകിനോട് ചോദിക്കുകയായിരുന്നു.

”ഇതേക്കുറിച്ചുള്ള യു.കെ സര്‍ക്കാരിന്റെ നിലപാട് വ്യക്തവും സുദീര്‍ഘവുമാണ്, അത് മാറിയിട്ടില്ല,” എന്നാണ് സുനക് ചോദ്യത്തോട് പ്രതികരിച്ചത്.

”പീഡനങ്ങള്‍ ഞങ്ങള്‍ എവിടെയും വെച്ചുപൊറുപ്പിക്കില്ല എന്നത് തീര്‍ച്ചയാണ്. പക്ഷെ ബഹുമാന്യനായ എം.പി മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല,” എന്നും മോദിയെ പിന്തുണക്കുന്ന തരത്തില്‍ സുനക് കൂട്ടിച്ചേര്‍ത്തു.

Content Highlight: US State department avoid questions on BBC documentary on India