| Thursday, 22nd June 2017, 10:14 am

ഖത്തറിനെതിരായ ഉപരോധത്തില്‍ നിഗൂഢതയുണ്ട്; സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറിനെതിരെ സൗദി അറേബ്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ നിഗൂഢതയുണ്ടെന്ന് സംശയിക്കുന്നതായി യു.എസ്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ തന്നെയാണോ ഉപരോധം ഏര്‍പ്പെടുത്തിയതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദിക്കുന്നു.

യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂയേര്‍ട്ടാണ് ഇത്തരമൊരു സംശയമുയര്‍ത്തിയത്.

ഉപരോധം പ്രഖ്യാപിച്ച് രണ്ടാഴ്ചയിലധികം കഴിഞ്ഞിട്ടും ഖത്തറിനെതിരായ പരാതികള്‍ പുറത്തുവിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളാണോ ഇത്തരമൊരു ഉപരോധത്തിലേക്കു വഴിവെച്ചതെന്ന സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഈ സാഹചര്യത്തില്‍ ലളിതമായ ഒരു ചോദ്യം ബാക്കിയാവുന്നു: ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന് ആരോപണമുയര്‍ന്നതിലുള്ള ആശങ്ക തന്നെയാണോ ഈ നടപടിക്കു കാരണം. അല്ലെങ്കില്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ തിളച്ചുമറിയുന്ന പ്രശ്‌നങ്ങളോ” അദ്ദേഹം പറഞ്ഞു.


Must Read: ‘എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ് പശു അല്ല, പശു അമ്മയെങ്കില്‍ കോഴി സഹോദരി’; ഭക്ഷണ സ്വാതന്ത്രത്തിനു വിലങ്ങിടുന്ന സര്‍ക്കാരിനെതിരെ അലന്‍സിയര്‍


അതിനിടെ ഖത്തറിനെതിരായ ഉപരോധത്തിന്റെ യഥാര്‍ത്ഥ കാരണം ചോദ്യം ചെയ്ത യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയെ ഖത്തര്‍ സ്വാഗതം ചെയ്തു.

യു.എസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഖത്തറിലെ വിദേശകാര്യ മന്ത്രാലയം വക്താവ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ റുമൈഹി വ്യക്തമാക്കി.

ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും യെമനും അറിയിച്ചത്. ദോഹ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിതെന്നായിരുന്നു ഈ രാജ്യങ്ങളുടെ അവകാശവാദം. എന്നാല്‍ ഇതുവരെ ഇതിനു തെളിവു നല്‍കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.

We use cookies to give you the best possible experience. Learn more