| Wednesday, 24th June 2015, 9:50 am

മൂന്ന് ഫ്രഞ്ച് പ്രസിഡന്റുമാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി: വിക്കിലീക്ക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


വാഷിങ്ടണ്‍: ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട്, മുന്‍ പ്രസിഡന്റുമാരായ നിക്കോളസ് സര്‍ക്കോസി, ജാക് ഷിറാക്ക് തുടങ്ങിയവരുടെ വിവരങ്ങള്‍ അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സി ചോര്‍ത്തിയതായി വിക്കിലീക്ക്‌സ്.

2006-2012 കാലയളവിലാണ് ചാരവൃത്തി നടന്നിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ്മാരെ കൂടാതെ മന്ത്രിമാര്‍ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരുടെ വിവരങ്ങളും യു.എസ് ചോര്‍ത്തിയതായി വിക്കിലീക്ക്‌സ് പുറത്ത് വിട്ട രേഖയില്‍ പറയുന്നു.

ഫ്രഞ്ച് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതിയുടെ പേര് ചേര്‍ത്ത് ” എസ്പിയോനേജ് എലൈസ്” എന്ന തലക്കെട്ടോടെയാണ് വിവരങ്ങള്‍ വിക്കിലീക്ക്‌സ് പുറത്ത് വിട്ടിരിക്കുന്നത്.

2012ല്‍ ഫ്രോങ്കോയിസ് ഹോളണ്ട് ഗ്രീസ് വിഷയത്തില്‍ നടത്തിയ രഹസ്യ ചര്‍ച്ചകളും 2011ല്‍ സര്‍ക്കോസി അമേരിക്കയെ കൂടാതെ പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇടപെട്ടതും ചോര്‍ത്തപ്പെട്ടതായി വിക്കിലീക്ക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.

ഫ്രഞ്ച് ദിനപത്രമായ ലിബറേഷന്‍, മീഡിയ പാര്‍ട്ട് ഇന്‍വെസ്റ്റഗേറ്റീവ് വെബ്‌സൈറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളാണ് വിക്കിലീക്ക്‌സ് ഫയലുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2013ല്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ  വിവരങ്ങളും അമേരിക്കന്‍ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതായി വെളിപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സഖ്യരാഷ്ട്ര തലവന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ നിന്നും എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി)യെ ഒബാമ ഭരണകൂടം വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more