2,000 ഡോളറിന്റെ ഹൂത്തി ഡ്രോൺ തകർക്കാൻ യു.എസിന് ചെലവ് രണ്ട് മില്യൺ ഡോളർ; റിപ്പോർട്ട്
World News
2,000 ഡോളറിന്റെ ഹൂത്തി ഡ്രോൺ തകർക്കാൻ യു.എസിന് ചെലവ് രണ്ട് മില്യൺ ഡോളർ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 5:23 pm

ദുബായ്: യു.എ.ഇയിലെ അൽ ദാഫ്ര വ്യോമ താവളത്തിൽ നിന്ന് അമേരിക്കൻ എ-10 തണ്ടർബോൾട്ട്/വാർത്തോഗ്, എം.ക്യൂ-9 റീപ്പർ ഡ്രോണുകൾ വിലക്കി യു.എ.ഇ.

നിലവിൽ ഹൂത്തികൾക്ക് നേരെ ആക്രമണം നടത്താൻ ഏദൻ കടലിടുക്കിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈന്യത്തിന് യു.എസ്.എസ് ദ്വൈറ്റ് ഡി. ഐസൻഹോവർ എന്ന എയർക്രാഫ്റ്റ് വാഹിനി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

2,000 മുതൽ 10,000 ഡോളർ വരെ വില വരുന്ന ഹൂത്തി ഡ്രോണുകൾ തകർക്കാൻ രണ്ട് മില്യൺ ഡോളർ വിലമതിപ്പുള്ള പ്രതിരോധ മിസൈലുകളാണ് യു.എസിന് ഉപയോഗിക്കേണ്ടി വരുന്നതെന്ന് ദി യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു മില്യൺ മുതൽ രണ്ട് മില്യൺ ഡോളർ വരെ വില വരുന്ന സീ വൈപ്പർ/ആസ്റ്റർ മിസൈലുകളാണ് യു.എസ് സൈന്യം ഉപയോഗിക്കുന്നത്.

എഫ്/എ-18 സൂപ്പർ ഹോർനെറ്റിന് 66.9 മില്യൺ ഡോളർ വില വരുമെന്നും യൂറേഷ്യൻ ടൈംസ് പറയുന്നു.

അതേസമയം ഇറാനിയൻ ഷഹീദ് 136 ഡ്രോണുകളുടെ വില 20,000 മുതൽ 50,000 വരെ യു.എസ് ഡോളറാണ്. 2,000 ഡോളർ വരെ വിലയുള്ള ഹൂത്തി ഡ്രോണുകളുമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

യു.എസും സഖ്യ കക്ഷികളും ഇറാനെതിരെയും പശ്ചിമേഷ്യയിലെ സായുധ സേനകൾക്കെതിരെയും തങ്ങളുടെ മണ്ണിൽ നിന്ന് നടത്തുന്ന ആക്രമണങ്ങൾക്ക് അറബ് രാജ്യങ്ങൾ നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഇറാനും മറ്റ് സായുധ സേനകൾക്കുമെതിരെ ആക്രമണം നടത്തുന്നതിന് തങ്ങളുടെ രാജ്യത്ത് സൈനിക താവളങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പൊളിറ്റിക്കോ മാഗസിൻ പറഞ്ഞു.

‘ഗസയിൽ സിവിലിയന്മാരുടെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, നിരവധി അറബ് രാജ്യങ്ങൾ, പ്രത്യേകിച്ച് ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ, അവരുടെ മണ്ണിൽ യു.എസിനെയും പങ്കാളികളെയും സ്വയം പ്രതിരോധ ഓപ്പറേഷൻ നടത്തുന്നതിന് നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നു.

ഇതിൽ ഇറാഖിയും സിറിയയിലെയും ചെങ്കടലിലെയും അക്രമണങ്ങൾക്കുള്ള പ്രതികാര നടപടികളും ഉൾപ്പെടുന്നു,’ ഉദ്യോഗസ്ഥൻ പറഞ്ഞു.

യു.എസിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഏതൊക്കെ രാജ്യങ്ങളാണെന്നും എത്ര രാജ്യങ്ങളാണെന്നും പൊളിറ്റിക്കോ വെളിപ്പെടുത്തിയിട്ടില്ല.

തങ്ങൾ ഇറാന് എതിരാണെന്നും പാശ്ചാത്യ രാജ്യങ്ങളോടും ഇസ്രഈലിനോടും അടുപ്പമുള്ളവരാണെന്നും പൊതു സമൂഹത്തിന് തോന്നരുത് എന്നതാണ് യു.എ.ഇയുടെ നടപടിക്ക് പിന്നിലെന്ന് പൊളിറ്റിക്കോ പറയുന്നു.

പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളിൽ നേരത്തെ യു.എസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയിരുന്നു.

ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലും ഇരു രാജ്യങ്ങളും ആക്രമണം നടത്തിയിരുന്നു.

CONTENT HIGHLIGHT: US spends defense missiles worth $2 million for shooting down cheap Houthi drones worth $2,000