| Wednesday, 3rd August 2022, 10:22 am

തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിര്‍ണായകമാണ്; അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശം: നാന്‍സി പെലോസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയ് സിറ്റി: തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകമാണെന്നും, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി. തായ്‌വാന്‍ പാര്‍ലമെന്റില്‍ ഇന്ന് സംസാരിക്കുന്നതിനിടെയാണ് നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കിയത്.

തായ്‌വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പെലോസി പറഞ്ഞു.

‘തായ്‌വാന്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. തായ്‌വാന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും’ പെലോസി കൂട്ടിച്ചേര്‍ത്തു.

നാന്‍സി പെലോസിയുടെയും യു.എസിന്റെയും ഐക്യദാര്‍ഢ്യത്തിന് തായ്‌വാന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു.

അതേസമയം, നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍
ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരിക്കുകയാണ് ചൈന. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ ഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

ഇന്നലെ രാത്രിയോടെയാണ് ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.

ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനില്‍ പെലോസിയുടെ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യു.എന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞിരുന്നു.

തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവ് കൂടിയാണ് നാന്‍സി പെലോസി.

Content Highlight: US soldiraity with Taiwan is crucial now; Nancy  Pelosi

We use cookies to give you the best possible experience. Learn more