ജയ്പൂര്‍: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ സേന രാജസ്ഥാനില്‍ എത്തിയത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിന്റെ ഭാഗമായി എത്തിയത്. ഫെബ്രുവരിയില്‍ പരിശീലനം ആരംഭിക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു.
ഇന്ത്യ-അമേരിക്ക സൈനിക പങ്കാളിത്തത്തിന്റെ ഭാഗമായി മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലെ മിലിട്ടറി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് കീഴില്‍ നടക്കുന്ന പതിനാറാമത്തെ പതിപ്പാണിത്. ഫെബ്രുവരി 21വരെ പരിപാടി തുടരും. ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന്റെ ഭാഗമായുള്ള ഇന്ത്യന്‍ ബറ്റാലിയനാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ പരിപാടിയാണിത്. ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചത്. അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളികളില്‍ ഒന്നായി ട്രംപിന്റെ കാലത്ത് ഇന്ത്യയെ അംഗീകരിച്ചിരുന്നു.