| Friday, 22nd November 2024, 11:54 am

നെതന്യാഹുവിനെതിരെ മാത്രമല്ല, ബൈഡനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം: യു.എസ് സാമൂഹിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നീക്കത്തെ അംഗീകരിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ ഫലസ്തീനിലുടനീളമായി നടക്കുന്ന വംശഹത്യക്കെതിരെ നിലപാടെടുക്കാത്ത ബൈഡനെയും കമല ഹാരിസിനെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നത് എങ്ങനെയെന്നും പ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തി.

ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യു.എന്‍ പ്രമേയങ്ങള്‍ക്ക് മേല്‍ യു.എസ് തുടര്‍ച്ചയായി വീറ്റോ പ്രയോഗിക്കുകയാണെന്നും ഇസ്രഈലിനുള്ള ആയുധ വിതരണം തുടരുകയാണെന്നും ഫലസ്തീന്‍ അനുകൂലികളായ അഭിഭാഷകരും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഗസയുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്ന് യു.എസിനെ മാറ്റിനിര്‍ത്തുന്നതെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. അതേസമയം നിലവില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് മികച്ച തീരുമാനത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രഇലിന് യു.എസ് ആയുധങ്ങള്‍ കൈമാറുന്നത് തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. സെനറ്റിലെ 18 അംഗങ്ങള്‍ മാത്രമാണ് ആയുധ വില്‍പ്പന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

78 പേര്‍ ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. ഇതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രമേയങ്ങള്‍ കൂടി സെനറ്റില്‍ പരാജയപ്പെട്ടു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ ഉദ്ധരിച്ചാണ് ഫലസ്തീന്‍ അനുകൂലികള്‍ യു.എസിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്നത്.

നെതന്യാഹുവിന് പിന്തുണ നല്‍കുന്ന ബൈഡന്‍, കമല ഹാരിസ്, ആന്റണി ബ്ലിങ്കന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് ഫലസ്തീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുല്ല അക്‌ലാണ് യു.എസ് ഭരണകര്‍ത്താക്കള്‍ക്കെതിരെ വാറണ്ട് ആവശ്യപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാള്‍.

ഐ.സി.സിയുടെ തീരുമാനത്തില്‍ തനിക്ക് സംശയമുണ്ടെന്ന് അക്ല്‍ അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുദ്ധത്തിന്റെ വ്യാപ്തി വലിയ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഒരേസമയം ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ക്കും വാറണ്ട് പുറപ്പെടുവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അക്ല്‍ ചൂണ്ടിക്കാട്ടി.

നെതനന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരെയുമാണ് ഐ.സി.സി വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രഈലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Content Highlight: US Social activists seek arrest warrant against President Joe Biden

We use cookies to give you the best possible experience. Learn more