World News
ഇനിയെങ്കിലും ഇസ്രഈലിനെതിരെ അമേരിക്ക സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തണം: യു.എസ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 08:49 am
Saturday, 25th January 2025, 2:19 pm

ന്യൂയോര്‍ക്ക്: ഫലസ്തീനികളുടെ മരണത്തില്‍ കുറവുണ്ടാകണമെങ്കില്‍ ഇസ്രഈലിനെതിരെ യു.എസ് സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് എം.പി റാഷിദ ത്‌ലൈബ്. ഫലസ്തീനിലെ വര്‍ശീയ ഉന്മൂലനം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും റാഷിദ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളില്‍ കുറവുണ്ടായിട്ടില്ലെന്നും റാഷിദ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച ഒരു ഇസ്രഈലി സൈനികന്‍ മധ്യറഫയിലെ അല്‍-ഔദ സ്‌ക്വയറിന് സമീപം സക്കറിയ ഹമീദ് യഹ്യ ബര്‍ബഖ് എന്ന കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു കുട്ടിയ്ക്കും പരിക്കേറ്റിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇസ്രഈലിനെതിരെ യു.എസ് ആയുധ ഉപരോധം നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്തത്. നേരത്തെയും ഫലസ്തീന്‍വിരുദ്ധ യു.എസ് നിലപാടുകള്‍ക്കെതിരെ റാഷിദ യു.എസ് പാര്‍ലമെറ്റില്‍ പ്രതികരിച്ചിട്ടുണ്ട്.

ബൈഡന്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച എം.പി കൂടിയാണ് റാഷിദ. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും ഡെമോക്രാറ്റിക് നേതാവ് കൂടിയായ റാഷിദ പ്രതിഷേധിച്ചിരുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ നെതന്യാഹുവിന് നേരെ റാഷിദ ‘യുദ്ധ കുറ്റവാളി’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തുകയായിരുന്നു.

യു.എസിലെ ഏക ഫലസ്തീന്‍-അമേരിക്കന്‍ വനിതാ പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ ത്‌ലൈബ്.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ യു.എസ് നേതാക്കളില്‍ ഒരാളായിരുന്നു റാഷിദ.

എന്നാല്‍ നിലവില്‍ റാഷിദ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നേര്‍വിപരീതമാണ് ട്രംപിന്റെ നീക്കങ്ങള്‍. ലോകാരാഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ഉക്രൈനടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന വിദേശ ഫണ്ടും ട്രംപ് നിര്‍ത്തിവെച്ചു.

മൂന്ന് മാസത്തേക്കാണ് സാമ്പത്തിക സഹായം നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന അടിയന്തര സഹായം തുടരുമെന്നാണ് വിവരം. ഇതിനുപുറമെ ഇസ്രഈലിലേക്ക് മില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റത്തിന് അവസാനഘട്ടത്തില്‍ ബൈഡന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Content Highlight: US should impose total arms embargo on Israel: US MP