വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണ ചെയ്യുന്നത് നിര്‍ത്തി പകരം അദ്ദേഹത്തിന്റെ വീര കഥകള്‍ ആഘോഷിക്കാന്‍ സ്മാരകം നിര്‍മിക്കണമെന്ന് സ്വതന്ത്ര യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍. ജൂലിയന്‍ അസാന്‍ജിനെതിരെയുള്ള കേസ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണെന്നും, അദ്ദേഹമെടുത്ത റിസ്‌ക് അംഗീകരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പറഞ്ഞത്.
‘സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടിയ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരു നായകനായി ആഘോഷിക്കപ്പെടണം,’ കെന്നഡി പറഞ്ഞു. വെള്ളിയാഴ്ച വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 2024 ലെ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010 ല്‍ വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെതിരെ യു.എസ് സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രഹസ്യ രേഖകള്‍ വെളിപ്പെടുത്തിയതിന് വിസില്‍ബ്ലോവര്‍ ചെല്‍സി മാനിംങിനെ സഹായിച്ചതിനായിരുന്നു അസാന്‍ജിനെതിരെ കേസെടുത്തത്. അറസ്റ്റിനു ശേഷം 17 ചാരപ്രവര്‍ത്തനങ്ങള്‍ ചുമത്തിയാണ് അസാന്‍ജിനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
യു.എസ് സേന അഫ്ഘാനിലും ഇറാഖിലും നടത്തിയ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെ കുറിച്ചും അതില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമായിരുന്നു വിക്കിലീക്‌സ് പുറത്തുവിട്ടത്.
അസാന്‍ജിനെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങള്‍ നിഷേധിച്ചതിന് 2010 ല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2012 ല്‍ ജാമ്യം ലഭിച്ച അസാന്‍ജ് ലണ്ടനിലെ ഇക്വഡോറില്‍ അഭയം പ്രാപിക്കുകയും 2019 ല്‍ ഇക്വഡോര്‍ ജാമ്യം റദാക്കിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ബെല്‍മാര്‍ഷില്‍ തുടരുകയുമാണ്. ബ്രിട്ടനില്‍ നിന്നും നാട് കടത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് അസാന്‍ജ് ഇപ്പോള്‍ പോരാടുന്നത്.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച കെന്നഡി സംസാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പു തരുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയെ ട്രംപ് ലഘിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കേണ്ടത് മാധ്യമ സ്വാതന്ത്ര്യം നില നിര്‍ത്താനാണെന്നും എന്നാല്‍ ട്രംപിന്റെ നിലപാട് സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുകയാണെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഭരണകാലം ഒരു മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉണ്ടാക്കിയതെന്നും പറഞ്ഞ കെന്നഡി യു.എസ് വിസില്‍ ബ്ലോവര്‍ കുറ്റവാളിയല്ലെന്നും, ഹീറോയാണെന്നും ചൂണ്ടിക്കാട്ടി.’
Content Highilght: U.S should erect monument to assange: Robert F. Kennedy Jr