വാഷിങ്ടൺ: പരിക്കേറ്റ ഇസ്രഈലി യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിന് മുകളിൽ കെട്ടിയിട്ട ഇസ്രഈലി സൈനികരുടെ ക്രൂരതക്കെതിരെ പ്രതികരണവുമായി യു.എസ് രംഗത്ത്. ഇസ്രഈൽ സൈനികരുടെ ക്രൂരത ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികൾക്കെതിരെ ഉടൻ അന്വേഷണം നടത്തുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഈ പരാമർശം നടത്തിയത്.
ഇസ്രഈൽ സൈന്യം ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.
‘ഞങ്ങൾ ആ വീഡിയോ കണ്ടു, ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വീഡിയോ, ഒരു മനുഷ്യനെ ഒരിക്കലും കവചമായി ഉപയോഗിക്കാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് വേഗത്തിൽ അന്വേഷിക്കുകയും തക്കതായ ശിക്ഷ നൽകുകയും വേണം. ഉടൻ തന്നെ ഇസ്രഈൽ ഡിഫെൻസ് ഫോഴ്സ് ഇതിനെതിരെ അന്വേഷണം ആരംഭിക്കണം,’ മില്ലർ പറഞ്ഞു.
ഫലസ്തീന്‍ യുവാവിനെ ഓടുന്ന വാഹനത്തില്‍ കെട്ടിയിട്ട ഇസ്രഈലി സൈന്യത്തിന്റെ പ്രവർത്തി വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ സൈനികര്‍ ഗസയില്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
Read More : സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് ജാമ്യം
ഐ.ഡി.എഫിന്റെ ക്രൂരമായ നടപടികള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വെസ്റ്റ് ബാങ്കിലും ജെനിനിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഫലസ്തീന്‍ യുവാവിനെ വാഹനത്തിനുമേല്‍ ഐ.ഡി.എഫ് കെട്ടിയിട്ടത്.
ക്യാമ്പിലെ ആക്രമണങ്ങൾക്കിടയിൽ പരിക്കേറ്റ മുജാഹിദ് അബ്ബാദിയെയാണ് ഇസ്രഈല്‍ സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹത്തിന്റെ കുടുബാംഗങ്ങള്‍ പറഞ്ഞു.
മുജാഹിദ് അബ്ബാദി ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിച്ചിരുന്ന ഫലസ്തീന്‍ യുവാവാണ്. ഗുരുതര പരിക്കുകളുള്ള മുജാഹിദ് അബ്ബാദിയെ സൈന്യം റെഡ് ക്രെസന്റിന് കൈമാറിയതായാണ് റിപ്പോർട്ട്.
Content Highlight: US shocked by video of wounded Palestinian tied to Israeli military jeep