ഹോര്‍മുസ് കടലിടുക്കിലേക്ക് അടുക്കുന്ന ഇറാനിയന്‍ ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക
World News
ഹോര്‍മുസ് കടലിടുക്കിലേക്ക് അടുക്കുന്ന ഇറാനിയന്‍ ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 2:48 pm

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലേക്ക് ഇറാനിയന്‍ ബോട്ടുകള്‍ അതിവേഗം അടുക്കുന്ന സാഹചര്യത്തില്‍ ഇറാന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ നാവിക സേന. വെടിയുതിര്‍ത്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാനിയന്‍ അര്‍ദ്ധസൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉള്‍പ്പെടുന്ന 13 ബോട്ടുകളാണ് ഹോര്‍മുസിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നത്. ഇവരുടെ നടപടി സുരക്ഷിതമല്ലാത്തതാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

രണ്ടാം തവണയാണ് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കുന്നത്. പ്രദേശത്ത് ഇറാനിയന്‍ ബോട്ടുകള്‍ സുരക്ഷിതമല്ലാത്ത തരത്തില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അമേരിക്ക മുന്നറിയിപ്പ് വെടിയുതിര്‍ത്തത്.

ഇറാനിയന്‍ ബോട്ടുകള്‍ പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്.

കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനില്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കപ്പലില്‍ യെമനിലേക്ക് കൊണ്ട് പോവുകയായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇറാന്‍ പിന്തുണയ്ക്കുന്ന വിമതരായ ഹൂതികള്‍ക്ക് നല്‍കാനായിരുന്നു ആയുധങ്ങള്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ പുതിയ സംഭവമല്ലെന്നും കിര്‍ബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US ship fires 30 warning shots after Iranian vessels approach fleet