അമേരിക്കയുടെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ഫലസ്തീന്‍ അവകാശ പോരാട്ടങ്ങളെ തകര്‍ക്കാന്‍ വേണ്ടി രൂപപ്പെടുത്തിയതാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ ലീഗലും സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്സും (സി.സി.ആര്‍) ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള ഫലസ്തീന്‍ അനുകൂല വികാരങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രഈല്‍ ഗ്രൂപ്പുകളുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്താല്‍ രൂപപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇത്തരം നിയമങ്ങളിലൂടെ ഫലസ്തീനികളെ തീവ്രവാദികളായി മുദ്രകുത്താനാണ് ശ്രമമെന്നും റിപ്പോര്‍ട്ട് പറയുണ്ട്.
വര്‍ഷങ്ങളായി അമേരിക്ക സ്വീകരിച്ച വിവിധ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ വിശകലനം ചെയ്താണ് 28 പേജുകളുള്ള ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ മുസ്ലീം വിരുദ്ധക്ക് ഊന്നല്‍ നല്‍കിയും ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തോടുള്ള ശത്രുതയുടെ അടിസ്ഥാനത്തിലുമാണ് നിര്‍മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘അമേരിക്ക തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പാസാക്കുന്നത് ഫലസ്തീന്‍ സ്വാതന്ത്ര്യ സമരങ്ങളെ അടിച്ചമര്‍ത്താനാണ്. ഈ കാര്യം അവര്‍ ഒരിക്കലും രഹസ്യമാക്കിവെച്ചിട്ടുമില്ല,’ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡാരില്‍ ലി പറഞ്ഞു.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് യു.എന്‍ നല്‍കുന്ന ധനസഹായം തടയാനായും ഇത്തരം നിയമങ്ങള്‍ ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ യു.എസിലെ വിവിധ സ്റ്റേറ്റുകള്‍ അടുത്ത കാലത്തായി
ചില ഫലസ്തീന്‍ വിരുദ്ധ നിയമനിര്‍മാണ ബില്ലുകള്‍ പാസാക്കിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗസയിലെ യുദ്ധം ആരംഭിച്ചത് മുതല്‍ 200 യൂണിവേഴ്സിറ്റികള്‍ക്ക് ആന്റി ഡിഫമേഷന്‍ ലീഗ് ഭീകരവാദത്തെ പിന്തുണക്കുന്നു എന്ന കാരണത്താല്‍ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ ചാപ്റ്ററുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് അയച്ചിരുന്നു. അതിന്റെ ഭാഗമായി ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നിന്ന് സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ നിരോധിച്ചിരുന്നു.
രാജ്യത്ത് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി കോളേജ് കാമ്പസുകളിലുള്‍പ്പെടെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
Content Highlight: US Shapes Anti-Terrorism Laws to Target Palestine; Reports