| Wednesday, 27th April 2022, 11:23 am

ബൈഡന്റെ പോളിസികള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ചൈനയും റഷ്യയുമായി കൂടുതല്‍ അടുപ്പിക്കുന്നു: യു.എസ് സെനറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ അടിയന്തരമായി ഇടപെടലുകളുണ്ടാവണമെന്ന് യു.എസ് സെനറ്റര്‍.

ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ ടോപ് റിപബ്ലിക്കന്‍ സെനറ്ററായ ജിം റിഷ്ച് ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

”ബൈഡന്‍ ഭരണകൂടത്തിന്റെ മിഡില്‍ ഈസ്റ്റ് പോളിസികള്‍, ഏറെക്കാലമായി നമ്മുടെ സഖ്യ രാജ്യങ്ങളായവര്‍ റഷ്യയുമായും ചൈനയുമായും കൂടുതല്‍ അടുക്കുന്നതിന് കാരണമായിരിക്കുകയാണ്,” ജിം റിഷ്ച് പറഞ്ഞു.

സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ ഹിയറിങ്ങില്‍ വെച്ചായിരുന്നു ജിം റിഷ്ചിന്റെ പ്രസ്താവന. ഹിയറിങ്ങില്‍ വെച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2023 വര്‍ഷത്തെ ബഡ്ജറ്റ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെസ്റ്റിഫൈ ചെയ്യുകയും ചെയ്തു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ റഷ്യയോടും ചൈനയോടുമുള്ള ചായ്‌വ് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ വര്‍ധിച്ചുവെന്നാണ് സെനറ്റര്‍ പറഞ്ഞത്.

ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഭീഷണികള്‍ നേരിടുന്നതിന് വേണ്ടി മിഡില്‍ ഈസ്റ്റിലെ റീജിയണല്‍ സ്റ്റേറ്റുകളില്‍ നിന്നും അമേരിക്ക പിന്‍വലിയുന്നത് കാരണമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം, യെമനിലെ ഹൂതി വിമതരുടെ ആക്രമണം നടക്കുന്ന സമയത്ത് തന്നെ യു.എസ് സൗദിയില്‍ നിന്നും അവരുടെ അതിനൂതന ആന്റി മിസൈല്‍ സിസ്റ്റങ്ങള്‍ പിന്‍വലിച്ചിരുന്നു.

അതിന് പിന്നാലെയായിരുന്നു അഫ്ഗാനില്‍ നിന്നും യു.എസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതും.

ഇത്തരത്തില്‍ മിഡില്‍ ഈസ്റ്റില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സൈനിക ഇടപെടലുകള്‍ യു.എസ് തുടര്‍ച്ചയായി പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് മിഡില്‍ ഈസ്റ്റ്, ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലായും റഷ്യയും ചൈനയുമായും അടുക്കുന്നതെന്നും സെനറ്റര്‍ പറഞ്ഞു.

Content Highlight: US senator says president Joe Biden’s policies pushing Middle East countries closer to China and Russia

We use cookies to give you the best possible experience. Learn more