| Monday, 13th May 2024, 10:44 pm

യുദ്ധം പെട്ടന്ന് അവസാനിക്കണമെങ്കില്‍ ഗസയില്‍ ആണവ ആക്രമണം നടത്തണം: യു.എസ് സെനറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയിലെ യുദ്ധം പെട്ടന്ന് അവസാനിക്കണമെങ്കില്‍ ജപ്പാനിലേത് പോലെ ആണവ ആക്രമണം നടത്തണമെന്ന് അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. ഞായറാഴ്ച നടന്ന മീറ്റ് ദ പ്രസ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗ്രഹാമിന്റെ പ്രസ്താവന.

ഫലസ്തീനില്‍ തുടരുന്ന ആക്രമണത്തില്‍ ഇസ്രഈലിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ശേഷം ജര്‍മ്മനിയോടും ജപ്പാനോടും യുദ്ധം ചെയ്തപ്പോള്‍ ആണവ ആയുധം ഉപയോഗിച്ചാണ് അതിന് ഞങ്ങള്‍ മറുപടി നല്‍കിയത്. ഇതിലൂടെ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനും സാധിച്ചു. ഇതായിരുന്നു ശരിയായ തീരുമാനം,’ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ഹമാസും രംഗത്തെത്തി. യു.എസ് സെനറ്ററുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഹമാസ് ഇതിനോട് പ്രതികരിച്ചത്. വംശഹത്യയുടെയും കൊളോണിയലിസത്തിന്റെയും മാനസികാവസ്ഥയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായതെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.

യു.എസ് ഇസ്രഈലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇസ്രഈലിന് വേണ്ടി 15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യു.എസ് സര്‍ക്കാര്‍ അനുവദിച്ചത്.

അതിനിടെ, റഫയില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടാഴ്ചക്ക് മുമ്പ് തന്നെ ആയുധ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: US senator: ‘Hit Gaza with a nuclear bomb to end the war’

We use cookies to give you the best possible experience. Learn more