ഇസ്രഈലിന് ആയുധങ്ങൾ അയക്കണോ വേണ്ടയോ? ജോയിന്റ് റെസൊല്യൂഷൻ ഡിസപ്പ്രൂവൽ പ്രമേയവുമായി യു.എസ് സെനറ്റർ ബെർണി സാൻഡേഴ്‌സ്
World News
ഇസ്രഈലിന് ആയുധങ്ങൾ അയക്കണോ വേണ്ടയോ? ജോയിന്റ് റെസൊല്യൂഷൻ ഡിസപ്പ്രൂവൽ പ്രമേയവുമായി യു.എസ് സെനറ്റർ ബെർണി സാൻഡേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2024, 10:26 am

വാഷിങ്ടൺ: ഇസ്രഈലിന് 20 ബില്യൺ ഡോളർ ആയുധങ്ങൾ അയക്കാനുള്ള പെൻ്റഗണിൻ്റെ അഭ്യർത്ഥന അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്താനൊരുങ്ങി യു.എസ് സെനറ്റ്. ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ വംശഹത്യയിൽ ബൈഡൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ആയുധങ്ങൾ വിതരണം ചെയ്ത് ഒരു വർഷത്തിനുശേഷമാണ് പുതിയ നടപടി. സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്‌സ് അവതരിപ്പിച്ച പ്രമേയത്തിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്താനൊരുങ്ങുന്നത്.

അഞ്ച് സെനറ്റർമാർ ഇതുവരെ പ്രമേയത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ജെഫ് മെർക്ക്ലി, ബ്രയാൻ ഷാറ്റ്സ്, എലിസബത്ത് വാറൻ, പീറ്റർ വെൽച്ച്, ക്രിസ് വാൻ ഹോളൻ എന്നിവരാണ് പിന്തുണച്ചത്. പുതിയ ഭരണത്തിന് മുന്നോടിയായി, ഇസ്രഈലി മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിയമനിർമാതാക്കൾക്ക് തങ്ങളുടെ നിലപാടെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവസാന അവസരമാണിത്. ജോയിന്റ് റെസൊല്യൂഷൻ ഡിസപ്പ്രൂവൽ (ജെ.ആർ.ഡി) എന്ന പേരിലറിയപ്പെടുന്ന പ്രമേയത്തിൽ ഓരോ ആയുധങ്ങൾ അയക്കുന്നതിനുമെതിരെ വ്യത്യസ്തമായ പ്രമേയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഗസയിലെ സ്ഥിതിഗതികൾ സങ്കല്പിക്കാനാവാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സാൻഡേഴ്‌സ് ഒരു ലേഖനത്തിൽ എഴുതി.

‘കഴിഞ്ഞ ഒരു വർഷമായി ഗസയിലെ സ്ഥിതിഗതികൾ ഭയാനകമാണ്. അത് സങ്കൽപ്പിക്കാനാവാത്തവിധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഗസയിൽ സേവനമനുഷ്ഠിച്ച ഡോക്ടർമാരെ കണ്ടു, വൈദ്യുതിയോ അനസ്തേഷ്യയോ ശുദ്ധജലമോ ഇല്ലാതെ ഒരു ദിവസം നൂറുകണക്കിന് രോഗികളെ അവർ ചികിത്സിക്കുന്നു. തലയിൽ വെടിയേറ്റ മുറിവുകളുമായി എത്തുന്ന ഡസൻ കണക്കിന് കുട്ടികൾ ഉണ്ടവിടെ.

അവരുടെ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. ഗസയിൽ പ്രതിദിനം 10 കുട്ടികൾക്ക് ഒരു കാൽ നഷ്ടപ്പെടുന്നതായി യുണിസെഫ് കണക്ക് പറയുന്നു. 17,000ത്തിലധികം അനാഥരുണ്ട്,’ അദ്ദേഹം പറഞ്ഞു. തങ്ങൾ മുന്നോട്ട് വെച്ച ജെ.ആർ.ഡികൾക്ക് അംഗീകാരം നൽകാൻ തൻ്റെ സഹപ്രവർത്തകരെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്‌തു.

100ലധികം പൗരാവകാശപ്രവർത്തകർ, രാഷ്ട്രീയ അഭിഭാഷകർ, യുദ്ധവിരുദ്ധ സംഘടനകൾ എന്നിവർ ജെ.ആർ.ഡികളെ പിന്തുണച്ച് ഒരു കത്തിൽ ഒപ്പുവച്ചു.

ആയുധങ്ങൾ അയക്കാൻ സെനറ്റ് അംഗീകരിച്ചാൽ 120 എം.എം ടാങ്ക് റൗണ്ടുകൾ, ഉയർന്ന സ്ഫോടനാത്മക മോർട്ടാർ റൗണ്ടുകൾ, എഫ്-15ഐ.എ യുദ്ധവിമാനങ്ങൾ, ജെ.ഡി.എ.എം എന്നറിയപ്പെടുന്ന നേരിട്ടുള്ള ആക്രമണ ആയുധങ്ങൾ എന്നിവ ഇസ്രഈലിന് നൽകപ്പെടും. ഇസ്രഈലിനുള്ള ശക്തമായ ഉഭയകക്ഷി പിന്തുണ കാരണം സെനറ്റ് മുന്നോട്ട് വെക്കുന്ന പ്രമേയങ്ങൾ പാസ് ആക്കാൻ സാധ്യത കുറവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശ സഹായ നിയമത്തിലൂടെയും ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലൂടെയും ആയുധങ്ങളുടെ വിൽപ്പനയും കയറ്റുമതിയും നിയന്ത്രിക്കുന്നത് യു.എസ് കോൺഗ്രസ് ആണ്. നിയമപ്രകാരം, മനുഷ്യാവകാശ ലംഘനം നടത്തുന്ന സർക്കാരുകൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​ആയുധങ്ങൾ കൈമാറാൻ കോൺഗ്രസിന് സാധിക്കില്ല.

അതേസമയം, അന്താരാഷ്ട്ര മാനുഷിക നിയമ ലംഘനങ്ങളുടെ പേരിൽ ഇസ്രഈൽ കയറ്റുമതി ലൈസൻസുകൾ സസ്പെൻഡ് ചെയ്യുമെന്ന് ആവശ്യപ്പെട്ടിട്ടും എഫ്-35 ഫൈറ്റർ ജെറ്റ് ഭാഗങ്ങളും മറ്റ് ആയുധങ്ങളും ഇസ്രഈലിന് നിലവിലും നൽകുന്നതിനെതിരെ മനുഷ്യാവകാശ സംഘടനയായ അൽ-ഹക്കും, ഗ്ലോബൽ ലീഗൽ ആക്ഷൻ നെറ്റ്‌വർക്കും യു.കെ സർക്കാരിനെതിരെ കോടതിയെ സമീപിച്ചു.

 

 

 

Content Highlight: US Senate to vote on Bernie Sanders-led effort to stop arms sales to Israel