വാഷിങ്ടണ്‍: തോക്കുപയോഗിച്ചുള്ള അക്രമസംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നതിനിടെ തോക്ക് നിയന്ത്രണ ബില്‍ (Gun Control Bill) പാസാക്കി യു.എസ് സെനറ്റ്. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യു.എസില്‍ ഇത്തരമൊരു നിയമം പാസാക്കുന്നത്.
ഭരണകക്ഷിയായ ഡെമോക്രാറ്റ്‌സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്‍ പാസാക്കുന്നതിനൊപ്പം നിന്നു. സെനറ്റിലെ അപ്പര്‍ ചേംബര്‍ ഓഫ് കോണ്‍ഗ്രസില്‍ പാസായ ബില്‍ ഇനി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവില്‍ കൂടി പാസാകണം. ഇതിന് ശേഷമായിരിക്കും പ്രസിഡന്റ് ജോ ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ച് അത് നിയമമാകുക.
ഇത് നിയമമാകുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യു.എസില്‍ നിയന്ത്രണമുണ്ടാകും. ഇതിന് മുമ്പ് 1994ലായിരുന്നു യു.എസില്‍ തോക്ക് നിയമം നിലവില്‍വന്നത്.
പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന യു.എസ് സുപ്രീംകോടതി വിധി പുറത്തുവന്ന് അല്‍പസമയത്തിനകമാണ് സെനറ്റ് ബില്‍ പാസാക്കിയിരിക്കുന്നത്, എന്നതും ശ്രദ്ധേയമാണ്.
ടെക്സസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതിയ തോക്കുനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരം നടന്നിരുന്നു.
ഇതിനിടെ വ്യാഴാഴ്ചയായിരുന്നു സുപ്രീംകോടതി വിധി പുറത്തുവന്നത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്, എന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍.ആര്‍.എ) അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടാണ് കോടതിവിധി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്ക് നിയമത്തെ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. വീടിന് പുറത്ത് ഹാന്‍ഡ് ഗണ്‍ കൊണ്ടുനടക്കണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റ് വാങ്ങണമെന്നും അതിന് തങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനോ മറ്റ് പ്രത്യേക കാരണങ്ങളാലോ തോക്ക് കൈവശം വെക്കണമെന്നത് തെളിയിക്കണമെന്നുമാണ് ന്യൂയോര്‍ക്ക് തോക്കുനിയമത്തില്‍ പറഞ്ഞിരുന്നത്.
ഇത്തരം നിയന്ത്രണങ്ങളാണ് സുപ്രീംകോടതി വിധി ഇല്ലാതാക്കിയിരിക്കുന്നത്. ടെക്സസിലടക്കം ഈയിടെയുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് തോക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് വിവിധ തലങ്ങളില്‍ നിന്നും ആവശ്യമുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതിയുടെ പ്രതികൂല വിധി പുറപ്പെടുവിച്ചതും യു.എസ് സെനറ്റ് ഇപ്പോള്‍ നിയമം പാസാക്കിയതും.
അതേസമയം, കോടതിവിധിയെ തള്ളി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.
”ഭരണഘടനക്കും സാമാന്യ ബോധത്തിനും വിരുദ്ധമാണ് ഈ വിധി. ഈ വിധി നമുക്കെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരു സമൂഹമെന്ന നിലയില്‍, നമ്മള്‍ അമേരിക്കക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. തോക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുള്ള അമേരിക്കക്കാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തണം,” എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
എന്നാല്‍ സുപ്രീംകോടതി വിധി അമേരിക്കയിലെമ്പാടുമുള്ള നല്ലവരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിജയമാണെന്നും തങ്ങള്‍ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെ ഫലമാണെന്നുമാണ് വിധി പുറത്തുവന്നതില്‍ എന്‍.ആര്‍.എ പ്രതികരിച്ചത്.
ഇക്കഴിഞ്ഞ മേയ് 25നായിരുന്നു സൗത്ത് ടെക്‌സസിലെ ഉവാല്‍ഡേ നഗരത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ യു.എസിലെമ്പാടും പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.
തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.
ടെക്സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: US Senate passes historic gun control bill