ഇസ്രഈൽ യുദ്ധക്കുറ്റങ്ങളുടെ പാഠപുസ്തകം; ഗസയിലെ കുട്ടികൾ വിശപ്പടക്കാൻ കഴിയാതെ മരിക്കുന്നു: യു.എസ് സെനറ്റ് അംഗം
World News
ഇസ്രഈൽ യുദ്ധക്കുറ്റങ്ങളുടെ പാഠപുസ്തകം; ഗസയിലെ കുട്ടികൾ വിശപ്പടക്കാൻ കഴിയാതെ മരിക്കുന്നു: യു.എസ് സെനറ്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 2:25 pm

വാഷിങ്ടണ്‍: ഇസ്രഈല്‍ യുദ്ധക്കുറ്റങ്ങളുടെ പാഠപുസ്തകമാണെന്ന് ഡെമോക്രാറ്റിക് യു.എസ് സെനറ്റ് ഫ്‌ലോര്‍, ക്രിസ് വാന്‍ ഹോളന്‍. ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധകുറ്റമാണെന്ന് അമേരിക്കന്‍ സെനറ്റിലെ പ്രസംഗത്തില്‍ വാന്‍ ഹോളന്‍ പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം ആസൂത്രിതമായി തടഞ്ഞുവെച്ചതിനാല്‍ ഗസയിലെ കുട്ടികള്‍ ഇപ്പോള്‍ വിശപ്പടക്കാന്‍ കഴിയാതെ മരിക്കുകയാണെന്നും അത് യുദ്ധകുറ്റമാണെന്നും വാന്‍ ഹോളന്‍ പറഞ്ഞു. ആസൂത്രിതമായി ആക്രമണം നടത്തുന്നവര്‍ യുദ്ധകുറ്റവാളികള്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകരാഷ്ട്രങ്ങളോട് ആദ്യം ആവശ്യപ്പെടണമെന്നും അത് സംഭവിക്കുന്നത് വരെ ജോ ബൈഡന്‍ ഇസ്രഈലിനുള്ള സഹായം നിര്‍ത്തണമെന്നും വാന്‍ ഹോളന്‍ ആവശ്യപ്പെട്ടു.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക എന്ത് ചെയ്യുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യത്തില്‍ തക്കതായ തീരുമാനവും നടപടിയും സ്വീകരിക്കണമെന്നും യു.എസ് സെനറ്റ് അംഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നെതന്യാഹുവുമായി ജോ ബൈഡന്‍ ആശയപരമായി ഉള്‍പ്പോരില്‍ ആണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലിന്റെ ആക്രമണത്തിന്റെ തോത് വര്‍ധിക്കുന്നതില്‍ വൈറ്റ് ഹൗസ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

ജോ ബൈഡന്റെ നിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് നെതന്യാഹു മുന്നോട്ട് പോവുന്നതെന്നും അതില്‍ അമേരിക്കന്‍ പ്രസിഡന്റിന് നിരാശയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസയിലെ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ നിരസിക്കുകയും സൈനിക ആക്രമണത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ട് നെതന്യാഹു യു.എസിനെ പരസ്യമായി ധിക്കരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

Content Highlight: US Senate member says Israel is a textbook case of war crimes