റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെയും യെമന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ തിരിച്ചടിക്കണമെന്നാവശ്യപ്പെട്ട് യു.എസ് സെനറ്റര്‍മാര്‍. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് സൗദിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്നതും യെമന്‍ യുദ്ധത്തില്‍ സൗദി സഖ്യത്തിന് വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബില്‍ കൊണ്ടുവന്നിരിക്കുകയാണ്.
മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും മൂന്ന് ഡെമോക്രാറ്റ് സെനറ്റര്‍മാരുമാണ് ബില്ലുമായി രംഗത്തുവന്നിരിക്കുന്നത്. 10,000ത്തോളം പൗരന്മാരുടെ കൊലപാതകത്തിന് ഇടയാക്കിയ യെമന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയോട് അതൃപ്തിയുള്ളവരാണ് ബില്ലിനു പിന്നില്‍.
യു.എസില്‍ താമസിച്ചിരുന്ന വാഷിങ്ടണ്‍ കോളമിസ്റ്റ് ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതോടെ ഈ അതൃപ്തിയുടെ ആഴം വര്‍ധിച്ചു.
“സൗദിയ്ക്കുമേല്‍ നിരീക്ഷണവും ഉപരോധവും കൊണ്ടുവരണമെന്നും ആയുധവില്പന നിര്‍ത്തിവെക്കണമെന്നും ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുകയാണ്.” സെനറ്റര്‍ ബോബ് മെനന്‍ഡസ് പറഞ്ഞു.
“യെമനിലെ അക്രമങ്ങളിലും ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിലും സൗദിയെ ഉത്തരവാദിയാക്കുന്നതാണ് ഈ നിയമനിര്‍മാണം.” റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍സെ ഗ്രഹാം പറഞ്ഞു.
റിപ്പബ്ലിക്കന്‍ സെനറ്ററായ ടോഡ് യങ്, സൂസന്‍ കോളിന്‍സ് ഡെമോക്രാറ്റ്‌സ് സെനറ്റര്‍മാരായ ഡെമോക്രാറ്റുകളായജാക്ക് റീഡ്, ജീന്നി ഷഹീന്‍ എന്നിവരുമാണ് ബില്ല് കൊണ്ടുവന്നത്.