കാരക്കാസ്: നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തഴഞ്ഞ് വെനസ്വേലയുടെ ‘തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി’ എഡ്മഡ് ഗോണ്‍സാലസിനെ അംഗീകരിച്ച് അമേരിക്ക.
യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ ആന്റണി ബ്ലിങ്കനാണ് ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗോണ്‍സാലാസ് വിജയിച്ചതായി തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ‘ജൂലൈ 28ന് വെനസ്വേലന്‍ ജനത ശക്തമായി സംസാരിച്ചു. അവര്‍ ഗോണ്‍സാലസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു,’ ബ്ലിങ്കന്‍ എക്‌സില്‍ എഴുതി.
ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഗോണ്‍സാലസ് ആണെന്ന് ജോ ബൈഡന്റെ ഭരണകൂടം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ഈ മാസമാദ്യം ഗോണ്‍സാലസ് സ്‌പെയിനിലേക്ക് പലായനം ചെയ്തിരുന്നു. എന്നാല്‍ പീന്നീട് വെനസ്വേലയില്‍ നിന്ന് പുറത്തുപോകാനായി മഡുറോയെ തെരഞ്ഞെടുപ്പിലെ വിജയിയായി അംഗീകരിക്കുന്ന എഗ്രിമെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായി ഗോണ്‍സാലസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
മഡുറോയുടെ വിശ്വസ്തരായി പാശ്ചാത്യ രാജ്യങ്ങള്‍ കണക്കാക്കുന്ന വെനസ്വേലയുടെ ദേശീയ ഇലക്ടറല്‍ കൗണ്‍സില്‍, വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം മഡുറോയെ തെരഞ്ഞെടുപ്പ് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളെപ്പോലെ ഇത്തവണ വിശദമായ വോട്ടെണ്ണല്‍ നടന്നിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്റെ രാഷ്ട്രീയ അധികാരം എതിരാളിക്ക് കൈമാറിയാല്‍ അമേരിക്ക, മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്ന് യു.എസ് മഡുറോയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ യു.എസില്‍ മഡുറോയ്ക്കെതിരെ നാര്‍ക്കോ-ടെററിസം കേസുകള്‍ നിലവിലുണ്ട്.
2020ല്‍ മഡുറോയ്ക്കെതിരെ 12ലധികം കേസുകളിലാണ് യു.എസ് നീതി ന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. ഇതില്‍ നാര്‍ക്കോ-ടെററിസവും ഉള്‍പ്പെട്ടിരുന്നു. മഡുറോയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 15 മില്ല്യണ്‍ ഡോളര്‍ പാരിതോഷികവും യു.എസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതാദ്യമായല്ല മഡുറോയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് യു.എസ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ തവണ ഒരു ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മഡുറോയ്ക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാന്‍ യു.എസ് ശ്രമിച്ചിരുന്നു. കൂടാതെ 2019ല്‍ താല്‍ക്കാലിക പ്രസിഡന്റായി യു.എസ് ജുവാന്‍ ഗ്വാഡിയോയെ നിയമിച്ചിരുന്നു.
Content Highlight: US Selected Edmundo González as the President of Venezuela over Nicolas Maduro