ഇറാനുമായി രഹസ്യ ചര്‍ച്ച നടത്തി അമേരിക്ക; ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കും
World News
ഇറാനുമായി രഹസ്യ ചര്‍ച്ച നടത്തി അമേരിക്ക; ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 10:19 am

തെഹ്റാന്‍: തെഹ്റാന്‍ ആണവ പദ്ധതി പരിമിതപ്പെടുത്താനും തടവിലാക്കപ്പെട്ട അമേരിക്കക്കാരെ സ്വതന്ത്രരാക്കാനും അമേരിക്കന്‍ ഭരണകൂടം ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനും ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള സൈനിക ഏറ്റുമുട്ടല്‍ സാധ്യത ഇല്ലാതാക്കാനുമാണ് യു.എസ് ശ്രമം. ഒമാനില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

‘രാഷ്ട്രീയ വെടിനിര്‍ത്തല്‍’ എന്ന് വിളിക്കുന്ന അനൗപചാരികവും അലിഖിതവുമായ ഒരു കരാറില്‍ എത്തിച്ചേരുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയത്തിന്റെ ഒരു ശേഖരം നിര്‍മിക്കുന്നതും, ഉക്രൈനില്‍ ഉപയോഗിക്കുന്നതിന് റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കുന്നതും, ആഭ്യന്തര രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നതും യു.എസിനെ പ്രകോപിപ്പിച്ചിരുന്നു.

2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകളുടെ പരാജയത്തിന് ശേഷം, അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ സൂചനയാണിതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറില്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ പരിമിതപ്പെടുത്തിയെന്നാണ് ഇറാന്റെ വിലയിരുത്തല്‍.

2018ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറുകയും രാജ്യത്തിന്മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷം ഇറാന്‍ അതിന്റെ ആണവ പരിപാടി ത്വരിതപ്പെടുത്തിയിരുന്നു.  ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതിന് ശേഷവും അമേരിക്ക-ഇറാന്‍ സംഘര്‍ഷം വഷളായിരുന്നു.

സിറിയയിലെയും ഇറാഖിലെയും അമേരിക്കന്‍ കരാറുകാര്‍ക്ക് നേരെ ഈ മേഖലയിലെ തങ്ങളുടെ പ്രോക്‌സികള്‍ നടത്തുന്ന മാരകമായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുമെന്നും അന്താരാഷ്ട്ര ആണവ പരിശോധകരുമായുള്ള സഹകരണം വിപുലീകരിക്കുമെന്നും റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഇറാന്‍ അധികൃതര്‍ പറഞ്ഞു.

പകരമായി തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഞെരുക്കുന്ന ഉപരോധങ്ങള്‍ അമേരിക്ക ഒഴിവാക്കുമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ ചെയ്തത് പോലെ എണ്ണവാഹകരായ വിദേശ ടാങ്കറുകള്‍ പിടിച്ചെടുക്കരുത്, ആണവ പ്രവര്‍ത്തനത്തിന് ഇറാനെതിരെ ഐക്യരാഷ്ട്രസഭയിലോ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലോ പുതിയ ശിക്ഷാ പ്രമേയങ്ങള്‍ തേടരുത്.

Content Highlights: US seeks informal nuclear agreement with iran