സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: രാജി വെച്ച് യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവി
Worldnews
സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: രാജി വെച്ച് യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 4:18 pm

വാഷിങ്ടൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടയ വധശ്രമത്തെ തുടർന്ന് രാജി വെച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് മേധാവി കിംബർലി ചീറ്റിൽ. ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവെപ്പ് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് തീരുമാനം.

സ്ഥാനമൊഴിയാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് കിംബർലി ചീറ്റിൽ ചൊവ്വാഴ്ച ജീവനക്കാർക്ക് ഒരു ഇമെയിൽ അയച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ പ്രോട്ടോക്കോളുകളെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയരുന്നതിനാൽ രാജി വെക്കാൻ യു.എസ് നിയമ നിർമ്മാതാക്കൾ അവരോട് ആവശ്യപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

‘സുരക്ഷാവീഴ്ചയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ തന്നെയാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്,’ എന്നായിരുന്നു അവരുടെ ഇമെയിൽ. രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെ പതിറ്റാണ്ടുകളായി രാജ്യത്തിന് ചീറ്റിൽ നൽകിയ സേവനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ നന്ദി അറിയിച്ചു.

ചീറ്റിലിൻ്റെ രാജിയെത്തുടർന്ന് ആക്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കാൻ സീക്രട്ട് സർവീസിൻ്റെ ഡെപ്യൂട്ടി ഡയറക്ടറായ റൊണാൾഡ് എൽ റോവിനെ നിയമിച്ചതായി യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കസ് പറഞ്ഞു.

പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റത്. തുടർന്ന് അക്രമിയെ സീക്രട്ട് സർവീസ് അംഗം വെടിവച്ചു കൊല്ലുകയായിരുന്നു. വേദിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. വധ ശ്രമത്തിൽ കൊലയാളിയടക്കം രണ്ടുപേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: US Secret Service chief resigns following Trump assassination attempt