| Saturday, 4th April 2020, 9:58 am

'ഒന്ന് സംസാരിച്ചാലോ ശ്വാസമെടുത്താലോ മതി കൊവിഡ് പകരാന്‍'; പുതിയ പഠനവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാര്‍സും കൊവിഡും വായുവിലൂടെ പകരില്ല എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ രോഗികള്‍ ശ്വസിക്കുമ്പോള്‍ അണുക്കള്‍ വായുവില്‍ പരക്കുകയും അത് തങ്ങി നില്‍ക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

‘നിലവിലെ ഗവേഷണത്തിന് പരിമിതികളുണ്ടെങ്കിലും ലഭ്യമായ പഠനങ്ങളില്‍ മനസിലാക്കാന്‍ സാധിക്കുന്നത് സാധാരണ ശ്വാസോച്ഛാസത്തിലൂടെ തന്നെ വൈറസ് വായുവില്‍ പകരുമെന്നാണ്,’ അമേരിക്കയുടെ നാഷണല്‍ അക്കാദമി ഫോര്‍ സയന്‍സസ്, എന്‍ജിനീയറിങ്, മെഡിസിന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഹാര്‍വേ ഫൈന്‍ബെര്‍ഗ് പറഞ്ഞു.

എത്രപെട്ടെന്നാണ് രോഗം പടര്‍ന്നു പിടിക്കുന്നത് എന്നത് തന്നെ ഇതിനുള്ള തെളിവാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വൈറോളിസ്റ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ എന്തു കൊണ്ട് ഈ രോഗം ഇത്ര പടര്‍ന്നു പിടിക്കുന്നു എന്നത് തന്നെ ഇതിനുള്ള തെളിവാണ്. ഒരു ലക്ഷണവുമില്ലാത്തവരില്‍ നിന്നു പോലും രോഗങ്ങള്‍ പടരുന്നുണ്ട്. സമ്പൂര്‍ണ ലോക്ഡൗണും ഐസൊലേഷനും രോഗത്തെ തയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്,’ വൈറോളജിസ്റ്റ് പറഞ്ഞു.

രോഗിയുടെ ബെഡില്‍ നിന്നും രണ്ടു മീറ്റര്‍ അകലെ വരെ വൈറസിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതു കൊണ്ടും രോഗത്തെ തടയാന്‍ സാധിക്കില്ല.

അപകടകാരികളായ, വായുവിലൂടെ പകരുന്ന വൈറസുകളും ബാക്ടീരിയകളും ജനസാന്ദ്രത കൂടിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

ഇതുവരെ പത്തുലക്ഷത്തിലധികം പേര്‍ക്കാണ് ആഗോള തലത്തില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. 50000ത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയില്‍ മാത്രം 5,600ഓളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം വൈറസിന് ഇത്ര ദൂരേയ്ക്ക് പോകാന്‍ കഴിയുമോ അതോ ജനിതക വസ്തുക്കള്‍ ചത്ത വൈറസുകളില്‍ നിന്നാണോ എന്നകാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more